ലണ്ടൻ: ബ്രിട്ടൻ അതിജീവനത്തിന്റെ പാതയിലെക്കെന്ന സൂചനകൾ നൽകിക്കൊണ്ട് തുടർച്ചയായ നാലാം ദിവസവും കോവിഡ് വ്യാപനതോതിൽ കുറവ് ദൃശ്യമായി. ഇന്നലെ 43,941 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 10.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസക്കാലയളവിലെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദർശിച്ചതിനുശേഷം കഴിഞ്ഞ ഞയറാഴ്‌ച്ച മുതൽ വ്യാപനതോത് കുറഞ്ഞുവരികയായിരുന്നു. എന്നാൽ മരണനിരക്ക് വർദ്ധിക്കുകയാണ്. ഇന്നലെ 207 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 15.6 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

അതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും നേരിയ വർദ്ധനവ് കാണുന്നുണ്ട്. ലഭ്യമായ ഏറ്റവുംപുതിയ കണക്കുകൾ അനുസരിച്ച് ശനിയാഴ്‌ച്ച 894 രോഗികളേയാണ് ബ്രിട്ടനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുന്നത്. തൊട്ടുമുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 2.9 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം, പുറത്തുവന്ന മറ്റൊരു കണക്ക് വെളിപ്പെടുത്തുന്നത് ഹാഫ് ടേം ആരംഭിക്കുന്നതിനു മുൻപ് തന്നെ കുട്ടികളിലെ രോഗവ്യാപന തോത് കുറഞ്ഞുവെന്നാണ്. സ്വയം ആർജ്ജിത പ്രതിരോധശേഷി വൈറസിനെ തുരത്തുവാൻ കരുത്തുനേടി എന്നതിന്റെ തെളിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സ്‌കൂളുകൾ അടച്ചതോടെ കുട്ടികളിലെ രോഗ പരിശോധന നിലച്ചതാണ് ഇപ്പോൾ രോഗവ്യാപനതോത് കുറയുവാൻ ഇടയായത് എന്ന വാദം നിരാകരിക്കുന്നതുകൂടിയാണ് ഈ വസ്തുത. ഇത് തീർച്ചയായും പ്രത്യാശക്ക് വക നൽകുന്ന കാര്യമാണെന്നാണ് വിദഗ്ദർ പറയുന്നത്.

അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചത് തക്ക സമയത്തായിരുന്നു എന്ന അഭിപ്രായവുമായി പ്രൊഫസർ ലോക്ക്ഡൗൺ എന്ന് വിളിക്കുന്ന പ്രൊഫസർ നീൽ ഫെർഗുസൺ രംഗത്തെത്തി. തികച്ചും അനുയോജ്യമായ സമയത്ത് എടുത്ത നടപടി ആയിരക്കണക്കിന് ആളുകളുടെ ജീവിതം രക്ഷപ്പെടുത്തി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, രോഗവ്യാപനം കണക്കിലധികം വർദ്ധിക്കാതെ സൂക്ഷിക്കുവാനും അത് സഹായകരമായി എന്നും അദ്ദേഹം പറയുന്നു. ഇതിനായി തയ്യാറാക്കിയ റോഡ് മാപ്പ് വളരെ വിശദമായ പഠനത്തിനുശേഷം തയ്യാറാക്കിയതാണെന്നുംഓരോ ഘട്ടവും ആരംഭിക്കുന്നതിനു മുൻപായി ഒരു നിശ്ചിത ശതമാനം ആളുകൾക്ക് വാക്സിൻ ലഭിച്ചു എന്ന് ഉറപ്പുവരുത്തിയത് രോഗവ്യാപനം വർദ്ധിക്കാതെ സഹായിച്ചു എന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, ആദ്യം നിശ്ചയിച്ച തീയതിയിൽ നിന്നും ലോക്ക്ഡൗൺ പിൻവലിക്കുന്നത് ഒരുമാസം വൈകിപ്പിച്ച നടപടി പ്രതിദിനം 2000 പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ട സാഹചര്യം ഒഴിവാക്കി എന്നും അദ്ദേഹം പറയുന്നു. തികച്ചും അശാസ്ത്രീയമായ സമീപനമാണ് ബോറിസ് ജോൺസൺ സ്വീകരിക്കുന്നതെന്നുംവളരെ നേരത്തേ ലോക്ക്ഡൗൺ പിൻവലിക്കുകയാണെന്നും നേരത്തേ വിദഗ്ദർ ആരോപിച്ചിരുന്നു.