ലണ്ടൻ: കോവിഡിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടും വിട്ടുമാറാതെ കോവിഡ് ബ്രിട്ടനെ ചുറ്റിവരിയുകയാൺ'. എന്നാൽ, ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ അത് രക്തരൂക്ഷിതമായ ഒരു കലാപത്തിൽ കലാശിച്ചേക്കുമെന്ന് വിദഗ്ദർ മുന്നരിയിപ്പ് നൽകുന്നു. ഇനിയും സ്വാതന്ത്ര്യം പണയം വെച്ച് വീടുകളിൽ ഒതുങ്ങിക്കൂടാൻ ജനങ്ങൾ തയ്യാറാവുകയില്ലെന്ന് റോയൽ സൊസൈറ്റി ഒഫ് മെഡിസിനിലെ പ്രൊഫസർ റോജർ കിർബി പറയുന്നു. എന്നാൽ, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുകയാണെങ്കിൽ ചില നിയന്ത്രണങ്ങൾ എങ്കിലും തിരികെ കൊണ്ടുവരേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

''നമ്മൾ ഇനിയും മാഹാമരിയുടെ പിടിയിൽ നിന്നും മോചിതരായിട്ടില്ല. സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക'', അദ്ദേഹം പറയുന്നു. ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം രണ്ടു വർഷമാകുന്നഅവസരത്തിൽ ആ ലോക്ക്ഡൗൺ ബ്രിട്ടനെ വളരെയേറെ കാത്തുരക്ഷിച്ചു എന്നു തന്നെയാണ് പ്രൊഫസർ കിർബി പറയുന്നത്. എന്നാൽ, അതുപോലെ മറ്റൊന്നു കൂടി താങ്ങാൻ ജനങ്ങൾക്ക് ആയില്ലെന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വ്യാപനശേഷിയുള്ള ബി എ 2 വകഭേദം മേല്ക്കൈ നേടുകയും, നിയന്ത്രണങ്ങൾ എല്ലാം ഒഴിഞ്ഞതോടെ സാമൂഹിക ഇടപെടലുകൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കോവിഡിന്റെ മറ്റൊരു തരംഗ ആരോഗ്യ രംഗത്തെ പ്രമുഖർ പ്രതീക്ഷിക്കുന്നുണ്ട്. പ്രായമായവരിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതുപോലെ പ്രതിദിനം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. സർക്കാർ കണക്കുകൾ പ്രകാരം ഓരോ ദിവസവും ശരാശരി 1900 പേരോളമാണ് കോവിഡ് ബാധിച്ച് ചികിത്സതേടി ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ എത്തുന്നത്.

അതേസമയം, ശരത്ക്കാല ബൂസ്റ്റർ വാക്സിൻ പദ്ധതി ആരംഭിക്കുവാനുള്ള ശ്രമത്തിലാണ് ആരോഗ്യംവകുപ്പ്. അഞ്ചു മില്യൺ ആളുകൾക്കായിരിക്കും ഈ ബൂസ്റ്റർ ഡോസ് നൽകുക 75 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ ഡോസ് നല്കും. അതുപോലെ 12 വയസ്സിനു മുകളിൽ പ്രായമുള്ള, ദുർബലമായ സ്വാഭാവിക പ്രതിരോധശേഷിയുള്ളവർക്കും ഇത് നൽകുന്നതാണ്. ഇതിൽ 6 ലക്ഷം പേർക്കുള്ള ക്ഷണം വരുന്ന ദിവസങ്ങളിൽ തന്നെ അയയ്ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

കണസർവേറ്റീവ് പാർട്ടിയുടെ ശരത്ക്കാല സമ്മേളനത്തിൽ പങ്കെടുക്കവേ അർഹതയുള്ള എല്ലാ ബ്രിട്ടീഷുകാരും ഈ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തു. അതിനുപുറമേ, ജനങ്ങളിൽ അവബോധം വളർത്താൻ റോയൽ സൊസൈറ്റി ഓഫ് മെഡിസിൽ മാർച്ച് 31 ന് കോവിഡിനെ കുറിച്ചുള്ള അവരുടെ നൂറാമത് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നുമുണ്ട്.

വാരാന്ത്യങ്ങളിലെ കോവിഡ് കണക്കുകൾ പ്രസിദ്ധപ്പെടുത്താതിനാൽ, ഏറ്റവും പുതിയ കണക്കുകൾ ലഭ്യമല്ല, പുതിയ രോഗികൾ , മരണം തുടങ്ങിയ കണക്കുകൾ മൂന്നു ദിവസത്തെത് ഒരുമിച്ച് തിങ്കളാഴ്‌ച്ചയാണ് പ്രസിദ്ധപ്പെടുത്തുക.