തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കർശനമായ നിയന്ത്രണം. ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ആയിരിക്കും. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാർട്ടികളുമായുള്ള യോഗത്തിൽ തീരുമാനിക്കും.

ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി യാത്ര ചെയ്യുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും യാത്രാനുമതി ലഭിക്കും. വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്ന മാതാപിതാക്കൾ ഉടൻ തിരിച്ചു മടങ്ങണം. പരീക്ഷ കഴിഞ്ഞു മാത്രമേ തിരിച്ചെത്താവൂ. സ്‌കൂൾ പരിസരത്ത് കൂട്ടംകൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടൽ നടത്താൻ കലക്ടർമാർക്ക് നിർദ്ദേശം നൽകി

പരമാവധി ആളുകൾക്ക് വാക്‌സീൻ നൽകുന്നതാണ് മികച്ച പ്രതിരോധം. മെയ്‌ 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സീൻ നൽകാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്‌സീൻ നൽകും. വിവിധ പ്രായക്കാർക്കു വിവിധ സമയം അനുവദിക്കും.

പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവർക്കു മുൻഗണന നൽകും. വാക്‌സീൻ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്‌സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്‌സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ:

വീട്ടിൽ തന്നെ നിൽക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. ഈ ദിവസങ്ങൾ കുടുംബത്തിന് വേണ്ടി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം

ഹാളുകളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം (ഇത് പരമാധി കുറയ്ക്കാൻ ശ്രമിക്കണം)

മരണനാന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്കാണ് പങ്കെടുക്കാവുന്നത്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

ദീർഘദൂര യാത്ര പരമാവധി ഒഴിവാക്കണം, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയിൽ കരുതണം (പ്രത്യക മാതൃകയില്ല)

ട്രെയിൻ, വിമാന സർവീസുകൾ പതിവ് പോലെ ഉണ്ടാകും. പൊലീസ് പരിശോധന സന്ദർഭത്തിൽ ടിക്കറ്റ്, മറ്റു രേഖകൾ കാണിക്കാവുന്നതാണ്.
ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഹോം ഡെലിവറി നടത്താം

വളരെ അത്യാവശ്യ ഘട്ടത്തിൽ പൊതുജനത്തിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താന കൈയിൽ കരുതണം.

ടെലികോം, ഐടി, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഇളവ്

വീടുകളിൽ മത്സ്യമെത്തിച്ച് വിൽപന നടത്തുന്നതിന് തടസ്സമില്ല, വിൽപനക്കാർ മാസ്‌കടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം

ഹയർസെക്കൻഡറി പരീക്ഷ മുൻനിശ്ചയ പ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും യാത്ര ചെയ്യാൻ അനുവാദമുണ്ട്.

പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന രക്ഷിതാക്കൾ കൂട്ടം കൂടാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് തിരിച്ചെത്തിയാൽ മതി.