- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറയാൻ സാധ്യത എന്ന് ഐസിഎംആർ; മൂന്നാം തരംഗത്തിലേക്ക് നയിക്കുന്നത് നാല് കാരണങ്ങൾ; ഡെൽറ്റ വകഭേദത്തിൽ നിന്ന് ഇനി വലിയ വെല്ലുവിളി ഉണ്ടാകാൻ സാധ്യത കുറവെന്നും ഐസി എംആർ; മൂന്നാം തരംഗം തുടങ്ങിയെന്നും കൂടുതൽ ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവാമെന്നും ലോകാരോഗ്യ സംഘടനയും
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനം രാജ്യത്ത് സംഭവിച്ചേക്കുമെന്ന് ഐസിഎംആർ. രണ്ടാം കോവിഡ് തരംഗത്തേക്കാൾ തീവ്രത കുറവാകാനാണ് സാധ്യതയെന്നും ഐസിഎംആറിലെ എപ്പിഡമോളജി ആൻഡ് ഇൻഫെക്ഷസ് ഡീസിസ് തലവൻ ഡോ സമീരൻ പാണ്ട വ്യക്തമാക്കി.
വിവിധ കാരണങ്ങൾ മൂന്നാം കോവിഡ് തരംഗത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആദ്യ രണ്ടു തരംഗങ്ങളിൽ ആർജ്ജിച്ച രോഗപ്രതിരോധശേഷി കുറയുന്നതാണ് ഒരു കാരണം. ഇതിൽ കുറവ് സംഭവിക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാം. പുതിയ കോവിഡ് വകഭേദം രോഗപ്രതിരോധശേഷിയെ മറികടക്കുന്നതാണ് മറ്റൊരു അപകടസാധ്യത. രോഗപ്രതിരോധശേഷിയെ മറികടക്കാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ വൈറസ് കൂടുതൽ വ്യാപനത്തിന് ശ്രമിച്ചു എന്നു വരാം. ഇതും മറ്റൊരു സാധ്യതയാണ്.
കോവിഡ് വ്യാപനം കുറയുന്നതിന് മുൻപ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കും. ഡെൽറ്റ വകഭേദത്തിൽ നിന്ന് ആരോഗ്യമേഖലയിൽ ഇനി വലിയ വെല്ലുവിളി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാം കോവിഡ് തരംഗം രാജ്യത്ത് സംഭവിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുന്നറിയിപ്പ് നൽകിയിരുന്നു.
മൂന്നാം തരംഗം തുടങ്ങിയെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ഗുരുതര പ്രശ്‌നങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അദാനോം ഖെബ്രെയേസുസ് പറഞ്ഞു. ലോകം ഇപ്പോൾ കാണുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാക്‌സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കിൽ അത് തെറ്റാണെന്നും വാക്‌സിനേഷൻ നല്ല രീതിയിൽ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകൾ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് പറഞ്ഞു. ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചുകഴിഞ്ഞു. ലോകത്ത് ഇനി ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഒരു പക്ഷേ ഡെൽറ്റാ വൈറസായിരിക്കാമെന്ന് തെദ്രോസ് വിലയിരുത്തി
മറുനാടന് മലയാളി ബ്യൂറോ