- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 2 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,59,632 പുതിയ കോവിഡ് കേസുകൾ ; കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത ; വാരന്ത്യ ലോക്ഡൗൺ തുടങ്ങി തമിഴ്‌നാട്; ഡൽഹിയിൽ അടിയന്തരയോഗം ചേരും
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തോട് അടുക്കുന്നു.രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. 1,59,632 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്.ഡൽഹിയിൽ 24 മണിക്കൂറിനിടെ 24000ത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദുരന്ത നിവാരണ അഥോറിറ്റി ഇന്ന് യോഗം ചേരും.
5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഓമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 1409 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.
ഇതിനിടെ നാല് സുപ്രീംകോടതി ജഡ്ജിമാർക്കും 400ലധികം പാർലമെന്റ് ജീവനക്കാർക്കും കോവിഡ് ബാധിച്ചു. ജഡ്ജിമാരിൽ രണ്ടു പേർക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടു ജഡ്ജിമാർക്ക് കൂടി ഞായറാഴ്ച പോസിറ്റീവാകുകയായിരുന്നു.
സുപ്രീംകോടതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഏതാണ് 150 ഓളം പേർ കോവിഡ് പോസ്റ്റീവ് ആകുകയോ ക്വാറന്റീനിൽ കഴിയുകയോ ആണ്. കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തെ തുടർന്ന് അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതിയിൽ നേരിട്ടുള്ള വാദം കേൾക്കൽ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.ജനുവരി 6, 7 തീയതികളിലായി പാർലമെന്റിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൽ 400 ലധികം ആളുകളുടെ പരിശോധന ഫലം പോസിറ്റീവാണ്.
ഉത്തർപ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ രണ്ട് ശതമാനം വർധനയുണ്ടായി. അതിനിടെ, കോവാക്‌സിന്റെ ബൂസ്റ്റർ ഡോസിന് ദീർഘകാലം പ്രതിരോധം നൽകാൻ കഴിയുമെന്ന് ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വാരാന്ത്യ ലോക്ഡൗൺ തുടങ്ങി തമിഴ്‌നാട്
ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്നും കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ബസുകളും സർവ്വീസ് ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആർടിസിയും അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാർ മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ഞായറാഴ്ച ലോക്ഡൗണും പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കാൻ അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവർത്തിക്കില്ല. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടന്നു. 24 മണിക്കൂറിൽ 10978 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം കണ്ടെത്തി. 74 പേർക്ക് കൂടി ഓമിക്രോൺ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം195 ആയിട്ടുണ്ട്.
കേരളത്തിൽ കരുതൽ ഡോസ് നാളെ മുതൽ
സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സീൻ നാളെ മുതൽ. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ്.. ഇതിനായി പ്രത്യേക രജിസ്‌ട്രേഷൻ വേണ്ട. ഓൺലൈനായും സ്‌പോട്ടിലെത്തിയും വാക്‌സിൻ ബുക്ക് ചെയ്യാം. കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ സംസ്ഥാനത്ത് ഒരു ലക്ഷം കടന്നു.
മറുനാടന് മലയാളി ബ്യൂറോ