- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങൾ മതചടങ്ങുകൾക്കും ബാധകം; ടിപിആർ 20നു മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർ മാത്രം; സർക്കാർ പരിപാടികളും കോടതി നടപടികളും ഓൺലൈനിൽ; ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം നേരിട്ട് വാദം കേൾക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടിപിആർ 20നു മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കു മാത്രമാണ് അനുമതി.
നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ 50 പേരായി പരിമിതപ്പെടുത്തിയിരുന്നു. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്താനും നിശ്ചയിച്ചിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.വ്യാപാരസ്ഥാപനങ്ങൾ ഓൺലൈൻ വിൽപ്പന പ്രോത്സാഹിപ്പിക്കണം.
16ാം തീയതിക്കുശേഷം ശബരിമല സന്ദർശനം ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. അതേസമയം, സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറത്തിറക്കി. ഒഴിവാക്കാനാവാത്ത കേസുകൾ മാത്രം നേരിട്ടു വാദം കേൾക്കും. കോടതി മുറിയിൽ 15 പേർക്കു മാത്രമേ പ്രവേശനം ഉണ്ടാകൂ. കോടതികളിൽ പൊതുജനങ്ങളുടെ പ്രവേശനവും നിയന്ത്രിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളാണ് അടയ്ക്കുന്നത്. സ്‌കൂളുകൾ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കും. വിശദമായ മാർഗരേഖ തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. കൂടാതെ, സർക്കാർ ഓഫിസുകളിലെ ഗർഭിണികൾക്ക് വർക് ഫ്രം ഹോം അനുവദിക്കും
മറുനാടന് മലയാളി ബ്യൂറോ