തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതിജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആൾക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കർശനമാക്കണം.

രണ്ടാം ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവർക്കുള്ള ബൂസ്റ്റർഡോസ് കൂടുതൽ നൽകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുൾപ്പെടെ ഉദ്യോഗസ്ഥരും ജില്ല കലക്ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.