തിരുവനന്തപുരം:കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ദിവസം 1000 പേർക്കു മാത്രം ദർശനത്തിന് അനുമതി നല്കുകയുള്ളെന്നു ദേവസ്വം ബോർഡ്.അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കു ദർശനത്തിന് ക്രമീകരണം ഉണ്ടാവും. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്ക് പ്രവേശനം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രവേശനത്തിനു വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷ്വറൻസ് കാർഡ് എന്നിവ കരുതണം. 60 വയസിനു മുകളിൽ പ്രായമുള്ളവരെയും 10 വയസിൽ താഴെയുള്ളവരെയും അനുവദിക്കില്ല.

നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് സംവിധാനം ഒരുക്കും. ഡ്യൂട്ടിക്കെത്തുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു