വാഷിങ്ടൺ ഡി.സി: അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്സിൻ ലഭിക്കുന്നതിന് അമേരിക്കക്കാർക്ക് പ്രഥമ പരിഗണന നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡിസംബർ എട്ടാംതീയതി ചൊവ്വാഴ്ച ഒപ്പുവച്ചു.

വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കോവിഡ് വാക്സിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഫൈസർ ആൻഡ് ബയോ എൻടെക്കും ഉത്പാദിപ്പിക്കുന്ന വാക്സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യത്തെ അമ്പതിനായിരം സൈറ്റുകളിൽ വിതരണം ചെയ്യുന്ന ഈ വാക്സിൻ യാതൊരു ചെലവുമില്ലാതെ അമേരിക്കക്കാർക്ക് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പൗരന്മാർക്ക് വാക്സിൻ ഉറപ്പുവരുത്തിയശേഷം മറ്റു രാജ്യങ്ങളുമായി സഹകരിച്ച് അവർക്കും വാക്സിൻ ലഭിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യ പ്രതിരോധത്തിന് ആവശ്യമെങ്കിൽ ആഭ്യന്തര കമ്പനികളെ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിന് നിർബന്ധിക്കുന്ന 1950-ലെ നിയമം പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് മൈവാക്സിൻ ക്ക് പെൻസും സീനിയർ ഒഫീഷ്യൽസും പങ്കെടുത്തു.