തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് 121 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (34) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (2421) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 194, എറണാകുളം 1958, ഇടുക്കി 655, കണ്ണൂർ 313, കൊല്ലം 423, കോട്ടയം 250, കോഴിക്കോട് 640, മലപ്പുറം 354, പാലക്കാട് 1280, പത്തനംതിട്ട 1207, തിരുവനന്തപുരം 2421, തൃശൂർ 1420 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 83,645 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്.

സംസ്ഥാനത്താകെ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടെ 5,10,502 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,93,798 പേരും സ്വകാര്യ മേഖലയിലെ 2,14,925 പേരും ഉൾപ്പെടെ 4,08,723 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ 4764 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,597 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 14,818 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.