തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ മെല്ലേപ്പോകുന്ന പശ്ചാത്തലത്തിൽ ഇടപെടലുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യപ്രവർത്തകരിലെ കോവിഡ് വാക്‌സിൻ വിതരണം ഉദ്ദേശിച്ച വേഗം കൈവരിക്കാത്ത സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്. രണ്ടാംഘട്ട വാക്‌സിൻ വിതരണത്തിനുള്ള സമയം അടുത്തിട്ടും ആദ്യഘട്ടം പൂർത്തീകരിക്കാനാകാത്ത സാഹചര്യത്തിലാണ് നിർദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയത്.

കോവിഡ് വാക്സിൻ സ്വീകരിക്കാൻ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തവർ വാക്സിനെടുക്കാനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈൽ സന്ദേശത്തിനനുസരിച്ച് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തണമെന്ന് നിർദേശങ്ങളിൽ പറയുന്നു. അന്നേദിവസം എത്താത്തതുകാരണം മറ്റുള്ള ആരോഗ്യ പ്രവർത്തകരുടെ അവസരംകൂടി നഷ്ടപ്പെടുന്നുണ്ട്.

ലഭിച്ച തീയതിയിൽ അസൗകര്യമുണ്ടെങ്കിൽ വിവരം മുൻകൂട്ടി അറിയിക്കണം. രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവർത്തകർ എല്ലാവരും വാക്സിൻ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഓൺലൈനായി മെസേജ് നൽകുന്നതിന് പുറമേ വാക്‌സിൻ എടുക്കുന്നവരെ മുൻകൂട്ടി തലേദിവസം തന്നെ ഫോൺ വഴി അറിയിക്കുന്നുണ്ടെങ്കിലും ഒരുവിഭാഗം വിമുഖത കാട്ടുന്നുണ്ടെന്നാണ് വിവരം. ഇതാണ് എണ്ണം കുറയാൻ കാരണം. ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അത് മെല്ലപ്പോക്കിന് പ്രധാനകാരണമായി പറയാനാകില്ലെന്നാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.