തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവർത്തകരും 5450 കോവിഡ് മുന്നണി പോരാളികളും കോവിഡ് കോവിഡ്-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചത്. 167 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിൻ കുത്തിവയ്‌പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (50) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 13, എറണാകുളം 12, ഇടുക്കി 3, കണ്ണൂർ 9, കൊല്ലം 8, കോട്ടയം 13, കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 20, തിരുവനന്തപുരം 50, തൃശൂർ 4, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (767) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 17, എറണാകുളം 767, ഇടുക്കി 177, കണ്ണൂർ 508, മലപ്പുറം 320, തൃശൂർ 331, പാലക്കാട് 20 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,32,915 ആരോഗ്യ പ്രവർത്തകരമാണ് വാക്സിൻ സ്വീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മുന്നണി പോരാളികൾ (1442) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 555, എറണാകുളം 88, കൊല്ലം 660, കോട്ടയം 606, കോഴിക്കോട് 163, പാലക്കാട് 824, തിരുവനന്തപുരം 1442, വയനാട് 1112 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം.

കോവിഡ് മുന്നണി പോരാളികളുടെ വാക്സിനേഷൻ ആരംഭിച്ചു. പൊലീസ്, മറ്റ് സേനാവിഭാഗങ്ങൾ, മുൻസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 78,701 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുൻസിപ്പാലിറ്റി ജീവനക്കാരും, 16,735 റവന്യൂ വകുപ്പ് ജീവനക്കാരും, 27,222 പഞ്ചായത്ത് ജീവനക്കാരും ഉൾപ്പെടെ ആകെ 1,29,258 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരത്ത് ഡി.ജി.പി ലോക്നാഥ് ബഹ്റ, എ.ഡി.ജി.പി. മനോജ് എബ്രഹാം, ജില്ലാ കളക്ടർ നവജ്യോത് ഖോസ, എറണാകളത്ത് എ.ഡി.എം. കെ.എ. മുഹമ്മദ് ഷാഫി, കോട്ടയത്ത് ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ വാക്സിൻ സ്വീകരിച്ചു.