തിരുവനന്തപുരം: കേരളത്തിലെ വാക്സിൻ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാർച്ച് ഒന്നു മുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റസുഖമുള്ളവർക്കും കോവിഡ് വാക്സിനേഷൻ നൽകി വരികയാണ്. സംസ്ഥാനത്ത് ഇന്നലെവരെ 3,47,801 ആരോഗ്യ പ്രവർത്തകർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 1,31,143 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 91,916 മുന്നണി പോരാളികൾക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും 30,061 അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റസുഖമുള്ളവർക്കും വാക്സിൻ നൽകിയിട്ടുണ്ട്.

ആരും തിരക്ക് കൂട്ടേണ്ട കാര്യമില്ല. സംസ്ഥാനത്ത് നിലവിൽ വാക്സിൻ സ്റ്റോക്കുണ്ട്. ഇതുകൂടാതെ മാർച്ച് 9ന് 21 ലക്ഷം ഡോസ് വാക്സിനുകൾ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിവതും കോ വിൻ വെബ് സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്ത് കേന്ദ്രത്തിലെത്തിയാൽ തിരക്ക് ഒഴിവാക്കാനാകും.

കഴിഞ്ഞ ദിവസങ്ങളിലായി വാക്സിൻ എടുക്കാൻ പല കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടായിട്ടുണ്ട്. ഇത് വിപരീത ഫലമുണ്ടാക്കാൻ സാധ്യതയുണ്ട്. സംസ്ഥാനം സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികളെ ഈ തിരക്ക് തടസപ്പെടുത്തുകയും ചെയ്യും. കോ വിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിംഗിനായി ഓൺലൈൻ സ്ലോട്ടുകൾ ലഭ്യമല്ലെന്നും പരാതിയുയർന്നു. ഇത് പരിഹരിക്കാനായി ആരോഗ്യ വകുപ്പ് ഇടപെട്ടിട്ടുണ്ട്. കോ വിൻ സൈറ്റിൽ രജിസ്ട്രേഷൻ സുഗമമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലേയും സെഷനുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും കോ വിൻ സൈറ്റിൽ അടുത്ത 15 ദിവസത്തേക്കുള്ള സെഷനുകൾ സൃഷ്ടിക്കുകയും ചെയ്യും. എല്ലാ ജില്ലകളും സംസ്ഥാനവുമായി ആശയവിനിമയം നടത്തി അടുത്ത ദിവസത്തേക്കുള്ള കോവിഡ് വാക്സിൻ കേന്ദ്രങ്ങളുടെ ലിസ്റ്റ് കൈമാറുന്നതാണ്. ഓരോ കേന്ദ്രങ്ങളിലേയും സെഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ദിനംപ്രതി അച്ചടി, സോഷ്യൽ മീഡിയ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ലകൾ ഉറപ്പുവരുത്തും. പ്രാദേശിക ആവശ്യകത വിലയിരുത്തിയ ശേഷം ജില്ലകൾ ആവശ്യമായ മാറ്റം വരുത്തുന്നതാണ്.

തിരക്ക് കുറയ്ക്കുന്നതിന് സ്പോട്ട് രജിസ്ട്രേഷനിൽ ടോക്കൺ സംവിധാനം നടപ്പിലാക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉച്ചയ്ക്ക് മുമ്പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓൺലൈൻ അപ്പോയ്മെന്റ് എടുത്ത് വരുന്നവർക്കും നേരിട്ട് വരുന്നവർക്കും പ്രത്യേകമായി നിശ്ചിത എണ്ണം അനുവദിക്കും. നേരിട്ട് വരുന്നവർക്ക് തിരക്ക് ഒഴിവാക്കാൻ ടോക്കൺ അനുവദിക്കും. ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുത്ത ഒരു ഗുണഭോക്താവിനെ ഒരിക്കലും വാക്സിനേഷൻ കേന്ദ്രത്തിൽ ടോക്കൺ എടുക്കാൻ ആവശ്യപ്പെടരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.