തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വിപി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും 45 വയസിന് മുകളിൽ പ്രായമുള്ളവർ കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപന സ്ഥലങ്ങളിലെ 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സിൻ എടുത്തുവെന്ന് ഉറപ്പുവരുത്തണം. ആർടിപിസിആർ ടെസ്റ്റ് ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡോ. വി. പി. ജോയ് കോവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് കോവാക്സിൻ എടുത്തത്.

തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി കെകെ ശൈലജ ടീച്ചറും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 'മോശമായ സാഹചര്യത്തിൽ നിന്ന് അപായകരമായ നിലയിലേക്ക്' കാര്യങ്ങൾ മുന്നോട്ടുപോവുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉണ്ടായതിനെക്കാൾ രോഗികൾ ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകളും നൽകുന്ന സൂചന.