തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്സിൻ (49,19,234 ഡോസ് കോവിഷീൽഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനും) നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അതിൽ 45,48,054 പേർക്ക് ആദ്യഡോസ് വാക്സിനും 5,23,496 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. വളരെ കുറഞ്ഞ ദിവസം കൊണ്ട് ഇത്രയേറെ പേർക്ക് വാക്സിൻ നൽകാൻ സാധിച്ചത് വളരെ അഭിമാനകരമാണ്. കോവിഡ് വാക്സിൻ വേഗത്തിലാക്കാൻ മുൻകൈയെടുത്ത ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

1402 സർക്കാർ ആശുപത്രികളും 424 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 1,826 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ഇന്ന് വാക്സിനേഷൻ നടന്നത്. വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഇന്ന് 2,38,721 പേർക്കാണ് വാക്സിൻ നൽകിയത്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവർക്കാണ് കോവിഡ് വാക്സിൻ ഇതുവരെ നൽകിയിരുന്നത്. ഇപ്പോൾ 45 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കുമാണ് വാക്സിൻ നൽകുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാസ് വാക്സിനേഷനിലൂടെ പരമാവധി ആളുകൾക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സംസ്ഥാനത്ത് ഇനി 6 ലക്ഷത്തോളം ഡോസ് വാക്സിനുകളാണുള്ളത്. കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് പരമാവധി ആൾക്കാർക്ക് വാക്സിൻ നൽകുന്നതാണ്.

45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കേണ്ടതാണ്. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സിൻ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കാൻ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാണ്.