കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരുകൾ വിലനൽകി വാക്‌സിൻ വാങ്ങേണ്ട സാഹചര്യം നിലവിൽ വന്നതിനാലും കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക് വാക്‌സിനേഷൻ ലഭിക്കുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കേരളസർക്കാരിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായി പ്രസിഡണ്ട് കാനത്തിൽ ജമീല അറിയിച്ചു.

ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വാക്‌സിൻ ആവശ്യത്തിലേക്ക്‌സംഭാവന നൽകുന്ന രീതിയിലും കാര്യങ്ങൾ ഏകോപിപ്പിച്ച് പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ലഭ്യമാക്കുന്ന രീതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ 27 അംഗങ്ങളും വാക്‌സിൻ ആവശ്യത്തിലേക്ക് സംഭാവന നൽകുന്നതിന് അനുകൂലിച്ചിട്ടുണ്ടെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.