ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സിൻ നയം സംസ്ഥാനങ്ങൾക്ക് തിരിച്ചടിയെന്ന മുറവിളി ഉയരുന്നതിനിടെ, ഭാരത് ബയോ ടെക്കും വില പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 600 രൂപ നിരക്കിൽ വാക്‌സിൻ നൽകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കൊവാക്‌സിൻ കേന്ദ്രത്തിന് ഒരു ഡോസിന് 150 രൂപ നിരക്കിൽ തന്നെ നൽകുമ്പോൾ സ്വകാര്യ ആശുപത്രികൾ 1,200 മുടക്കേണ്ടിവരും. ഉദ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്രസർക്കാരിന് നൽകുമെന്നും ഭാരത് ബയോടെക് അറിയിച്ചു. കയറ്റുമതി നിരക്ക് 15 മുതൽ 20 ഡോളർ വരെയാണ്.

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ ഡോസിനു സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും ലഭ്യമാക്കുമെന്നാണ് സിഇഒ അദാർ പൂണെ വാല നേരത്തെ അറിയിച്ചിരുന്നത്. പതിനെട്ട് വയസിനു മുകളിലുള്ള എല്ലാവർക്കും മെയ്‌ ഒന്ന് മുതൽ വാക്സിനേഷനെടുക്കാമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് കമ്പനികൾ വിലനിലവാരം പ്രഖ്യാപിച്ചത്. നിലവിൽ കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന വാക്സിനുകൾ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായും സ്വകാര്യ ആശുപത്രികളിൽനിന്ന് ഡോസിന് 250 രൂപയ്ക്കുമാണ് ലഭിക്കുന്നത്.

ഇരു വാക്സിനുകളും ഡോസിനു 150 രൂപയ്ക്കാണു നിലവിൽ കേന്ദ്രസർക്കാരിനു നൽകുന്നത്. റഷ്യയുടെ സ്പുട്നിക്-5 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അടുത്തിടെ അനുമതി നൽകിയിരുന്നു. ആഗോളതലത്തിലുള്ള മറ്റു വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനും ഉടൻ അനുമതി നൽകാൻ സാധ്യതയുണ്ട്.

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച്, വാക്സിൻ നിർമ്മാതാക്കൾ ഉൽപാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനവും മുൻകൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് പൊതു വിപണിയിൽ'നൽകാം. 18 നും 45 നും ഇടയിൽ പ്രായമുള്ളവരുടെ പ്രതിരോധ കുത്തിവയ്പുകൾക്കായി സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ വ്യവസായ അംഗങ്ങൾക്കും ഈ ഡോസുകൾ വാങ്ങാം. ശേഷിക്കുന്ന 50 ശതമാനം കേന്ദ്രസർക്കാരിനു ലഭിക്കും.

വാക്സിനേഷനായി എത്തുന്ന ഈ പ്രായപരിധിയിലുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ എത്ര തുക ഈടാക്കുമെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല. 45 വയസ്സിന് മുകളിലുള്ളവർ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനേഷന് അർഹരാണ്.

കുറഞ്ഞ വിലയെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്

വിപണിയിൽ ലഭ്യമായതിൽവച്ച് വില കുറഞ്ഞ കോവിഡ് വാക്‌സീനാണ് കോവിഷീൽഡ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നൽകുന്നത് കുറഞ്ഞ വിലയ്ക്കാണെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിച്ചിരിക്കുന്ന 600 രൂപ എന്ന നിരക്കും കുറഞ്ഞതാണ്. നിലവിലെ സ്ഥിതി മനസ്സിലാക്കി ഉൽപാദനം കൂട്ടാനുള്ള ശ്രമം തുടരുകയാണ്. ആദ്യഘട്ടത്തിൽ വൻതോതിൽ നിക്ഷേപം എത്തിയതിനാൽ കുറഞ്ഞ വിലയ്ക്ക് ഉൽപാദനം നടത്താനായി. എന്നാൽ ഇപ്പോൾ വാക്‌സീൻ ഉൽപാദനത്തിന് നിക്ഷേപം വേണമെന്നും അതു വർധിപ്പിക്കുകയാണെന്നും എസ്‌ഐഐ അറിയിച്ചു.

കോവിഡ് രോഗം ചികിത്സിക്കാനുള്ള ചെലവും മറ്റു ഉപകരണങ്ങൾക്കുള്ള തുകയും ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയും വച്ചു നോക്കുമ്പോൾ വാക്‌സീനിന്റെ നിരക്കു കുറവാണ്. നിലവിലെ സാഹചര്യം വളരെ മോശമാണ്. വൈറസിന് സ്ഥിരം ജനിതക വ്യതിയാനം വന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴും വൈറസ് പൊതുമധ്യത്തിലുണ്ട്. ഈ അനിശ്ചിതത്വം നിലനിൽക്കെ, സ്ഥിരത ഉറപ്പു വരുത്തേണ്ടതുണ്ട്.അതിനാൽ മഹാമാരിയെ നേരിടാൻ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ആഗോള തലത്തിലെ വിലയും ഇന്ത്യയിലെ വാക്‌സീൻ വിലയും തമ്മിൽ അശാസ്ത്രീയ താരതമ്യമാണ് നടക്കുന്നത്. നിലവിൽ വിപണിയിൽ ഏറ്റവും പ്രാപ്യമുള്ള കോവിഡ് വാക്‌സീൻ എന്നത് കോവിഷീൽഡ് ആണെന്നും എസ്‌ഐഐ പ്രസ്താവനയിൽ പറയുന്നു.