മുംബൈ: വാക്‌സിൻ വീടുകളിലെത്തിച്ച് നൽകുന്നത് സാധ്യമായ കാര്യമല്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി. വാക്‌സിൻ വീടുകളിലെത്തിച്ച് നൽകുന്നതിന് എന്താണ് തടസമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കേരളവും ജമ്മു കശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പിന്നെന്താണ് മറ്റു സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാൻ തടസമെന്നും കോടതി ആരാഞ്ഞു.

75 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും കിടപ്പു രോഗികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വാക്സിൻ വീട്ടിലെത്തിച്ച് നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിൽ വാക്സിൻ വീടുകളിലെത്തിക്കുക എന്നത് നിലവിൽ സാധ്യമല്ല എന്ന് വ്യക്തമാക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജിഎസ് കുൽകർണി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.

കേരളവും ജമ്മു കശ്മീരും വാക്സിൻ വീടുകളിലെത്തിച്ചു നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്യുന്നു. ഈ സംസ്ഥാനങ്ങളുടെ വാക്സിനേഷൻ പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരിന് എന്താണ് പറയാനുള്ളത് കേന്ദ്ര സർക്കാരിന്റെ പ്രശ്നം എന്താണെന്ന് കോടതിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു മാതൃക പിന്തുടരാൻ മറ്റു സംസ്ഥാനങ്ങളോട് നിങ്ങൾ ആവശ്യപ്പെടാത്തത് ഇക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.

മുംബൈയിൽ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന് വീട്ടിലെത്തി വാക്സിൻ നൽകിയ സംഭവവും കോടതി ചൂണ്ടിക്കാട്ടി. ഇത് എങ്ങനെയാണ് സാധിച്ചതെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷ (ബിഎംസി) നോട് കോടതി ആരാഞ്ഞു. എന്നാൽ തങ്ങളല്ല ഇപ്രകാരം വാക്സിൻ നൽകിയതെന്ന് ബിഎംസി കോടതിയിൽ വ്യക്തമാക്കി. തുടർന്ന് കോടതി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇതിന് ഒരാഴ്ച സമയം ആവശ്യപ്പെട്ട സർക്കാർ അഭിഭാഷകനെ കോടതി വിമർശിച്ചു.