തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന. 18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസ്സുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. നേരത്തെ 56 വിഭാഗങ്ങൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുൻഗണനാ വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

കേരളത്തിന്റെ കോവഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കേരളം സന്ദർശിച്ച കേന്ദ്രസംഘം റിപ്പോർട്ടു നല്കും. ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നത് പ്രത്യേകമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കോവിഡ് അവലോകന യോഗത്തിൽ നിർദേശിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകൾ വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.

ആരോഗ്യപ്രവർത്തകരും മറ്റും വൃദ്ധർക്കുവേണ്ടി വാക്‌സിൻ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കാത്തത് പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വ്യാപനം പത്തു ശതമാനത്തിൽ താഴാത്തത് സർക്കാരിന് കടുത്ത ആശങ്കയായിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റിനിരക്ക് 29 ശതമാനത്തിൽ നിന്ന് 10ലേക്ക് താഴ്‌ത്താനായെങ്കിലും രണ്ടാഴ്ചയായി പത്തുശതമാനത്തിൽ തന്നെ നിലനിൽക്കുകയാണ്.

വാക്സിൻ സ്ലോട്ടുകൾ കിട്ടാനില്ലസംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമമായതോടെ സ്ലോട്ട് ബുക്ക് ചെയ്യാനാവാതെ ജനം വലയുന്ന അവസ്ഥയാണ് ഇപ്പോഴും നിലനില്ക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്റ്റോറുകളിൽ വാക്സിൻ ഇല്ലാത്ത അവസ്ഥയാണ്. ഇന്നത്തോടെ കൂടുതൽ ജില്ലകളിൽ വാക്സിൻ തീരും. വെള്ളിയാഴ്ച അടുത്ത സ്റ്റോക്ക് എത്തുമെന്നാണ് വിശദീകരണം.