തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ വിതരണം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 1,24,64,589 പേർക്ക് ഒരു ഡോസ് വാക്സിനും 52,44,940 പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു. കേന്ദ്രസർക്കാരിൽ നിന്നും വാക്സിൻ കൃത്യമായി ലഭിക്കുകയാണെങ്കിൽ ഇപ്പോൾ കേരളം വാക്സിൻ വിതരണം ചെയ്യുന്ന വേഗതയിൽ രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 60 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

സംസ്ഥാനത്ത് വാക്സിൻ വിതരണം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 1,24,64,589 പേർക്ക് ഒരു ഡോസ് വാക്സിനും 52,44,940 പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു. കേന്ദ്രസർക്കാരിൽ നിന്നും വാക്സിൻ കൃത്യമായി ലഭിക്കുകയാണെങ്കിൽ ഇപ്പോൾ കേരളം വാക്സിൻ വിതരണം ചെയ്യുന്ന വേഗതയിൽ രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 60 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകാൻ സാധിക്കും.

പുതിയ തരംഗത്തിന്റെ പശ്ചാത്തലത്തിൽ രോഗം വന്നു ഭേദമായവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അങ്ങനെ രോഗം വന്നു ഭേദമായവരുടെ എണ്ണവും, മേല്പറഞ്ഞ രീതിയിൽ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചാൽ അതു ലഭിക്കുന്നവരുടെ എണ്ണവും ഒരുമിച്ച് കണക്കിലെടുത്താൽ നമുക്ക് സാമൂഹിക പ്രതിരോധ ശേഷി അധികം താമസിയാതെ കൈവരിക്കാൻ സാധിക്കേണ്ടതാണ്. പക്ഷേ, സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചാൽ പോലും കോവിഡ് പെരുമാറ്റ ചട്ടങ്ങൾ നമുക്ക് പെട്ടെന്ന് പിൻവലിക്കാൻ സാധിക്കില്ല. വാക്സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് വാക്സിൻ എടുത്തവരും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.

പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോൾ ഏതാണ്ട് ഒരേ നിലയിൽ നിൽക്കുന്നതിൽ അമിതമായി വ്യാകുലപ്പെടേണ്ടതില്ല. മറ്റിടങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ഇവിടെ ഈ വ്യത്യാസം നിലനിൽക്കുന്നത് എന്നത് മുൻപ് നിരവധി തവണ വിശദമാക്കിയതാണ്. നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ രോഗികളുടെ എണ്ണത്തെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. മരണനിരക്ക് ഇന്ത്യയിൽ മറ്റേതു പ്രദേശത്തേക്കാളും കുറച്ചു നിർത്താനും നമുക്ക് കഴിയുന്നു. മറ്റു രോഗാവസ്ഥയുള്ളവർക്കിടയിലാണ് കോവിഡ് ഗുരുതരമാകുന്നത്. അതുകൊണ്ട് പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശ രോഗങ്ങൾ, അർബുദം പോലുള്ള രോഗാവസ്ഥകൾ ഉള്ളവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. കൃത്യമായ ചികിത്സ മുടക്കം കൂടാതെ ഉറപ്പു വരുത്തണം. കോവിഡേതര രോഗങ്ങൾ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ പുനരാരംഭിച്ചിട്ടുണ്ട്. ആ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ചികിത്സ എത്രയും പെട്ടെന്ന് നേടുവാൻ രോഗികളായവരും അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കണം.

ഇത്തരം രോഗാവസ്ഥകളുള്ളവർ രോഗബാധിതരായാൽ വീട്ടിൽ കഴിയാതെ ഉടനെത്തന്നെ കോവിഡ് ആശുപത്രികളിൽ പ്രവേശിക്കേണ്ടതാണ്. ബൈസ്റ്റാന്റർമാരെ അനുവദിക്കുന്നതുകൊണ്ട് അവർക്ക് ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധിക്കും. അതുപോലെ അനുബന്ധരോഗമുള്ളവർ വാക്സിൻ കഴിയാവുന്നത്ര വേഗം എടുക്കണം. അവർക്ക് വാക്സിൻ ലഭിക്കുന്നതിനു മുൻഗണനയും ഉണ്ട്. മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാൻ മാതൃകവചം എന്ന പേരിൽ ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്സിൻ എടുപ്പിക്കുന്നത്. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തിയാണ് വാക്സിൻ നൽകുന്നത്.

സംസ്ഥാനത്ത് ഇതുവരെ നാല്പതിനായിരത്തോളം ഗർഭിണികളാണ് വാക്സിൻ എടുത്തത്. എന്നാൽ ചിലർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഗർഭിണികൾ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിൻ എടുക്കേണ്ടതാണ്. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുകയും അപൂർവം പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. അതുകൊണ്ട് വാക്സിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്ക കൂടാതെ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണം. മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്സിൻ നൽകാൻ കേന്ദ്രം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. അതിനാൽ ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ, മുലയൂട്ടുന്ന സമയമായാൽ പോലും വാക്സിൻ എടുക്കുന്നതിന് തടസമില്ല.