- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സീൻ വിതരണത്തിലും പിൻവാതിൽ; സ്‌പോട്ട് റജിസ്‌ട്രേഷന്റെ മറവിൽ ഇഷ്ടക്കാർക്കു വാക്‌സീൻ നൽകുന്നെന്ന ആക്ഷേപം ശക്തം; കോവിൻ പോർട്ടൽ വഴി മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ഭാഗികം മാത്രം; സർക്കാർ വിതരണ കേന്ദ്രങ്ങളിലെത്തുന്ന വാക്സിനിൽ ഭൂരിഭാഗവും വീതം വെച്ചെടുക്കുന്നു
കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ വിതരണം അവതാളത്തിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള കോവിഡ് വാക്‌സിൻ വിതരണമാണ് തോന്നുംപടി നടക്കുന്നത്. ഇഷ്ടക്കാർക്ക് വേണ്ടി വിതരണം ചെയ്യുമ്പോൾ അർഹതപ്പെട്ടവർക്ക് കിട്ടുന്നില്ലെന്നും ആക്ഷേപം ശക്തമയി ഉയരുന്നു. സ്‌പോട്ട് റജിസ്‌ട്രേഷന്റെ മറവിൽ, തദ്ദേശ സ്ഥാപന പ്രതിനിധികൾക്കു താൽപര്യമുള്ളവർക്കു മുൻഗണന നൽകുന്നുവെന്നാണു പ്രധാന ആക്ഷേപം.
പ്രായമായവരും സാങ്കേതികജ്ഞാനം ഇല്ലാത്തവരും വാക്‌സീൻ ബുക്കിങ്ങിൽ പിന്തള്ളപ്പെട്ടു പോകാതിരിക്കാനാണു തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പോട്ട് റജിസ്‌ട്രേഷൻ സംവിധാനമൊരുക്കിയത്. എന്നാൽ ചില തദ്ദേശ സ്ഥാപനങ്ങളും വാർഡ് പ്രതിനിധികളും അവർക്കു താൽപര്യമുള്ളവർക്കു മാത്രം വാക്‌സീൻ നൽകുന്നതിനാൽ പലയിടത്തും പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.
വാക്‌സീൻ ലഭ്യത മുൻകൂട്ടി അറിഞ്ഞു വേണ്ടപ്പെട്ടവർക്കു വിവരം നൽകുകയാണു പലയിടത്തും. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിക്കോ വാർഡ് അംഗത്തിനോ താൽപര്യമുള്ളവരെയാണു സ്‌പോട്ട് റജിസ്‌ട്രേഷനായി എത്തിക്കുന്നത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും കാത്തു നിന്നാലും വാക്‌സീൻ കിട്ടില്ല. രണ്ടാം ഡോസ് വാക്‌സീൻ എടുക്കാനുള്ള സമയപരിധി കഴിഞ്ഞ പത്തു ലക്ഷത്തോളം പേർ സംസ്ഥാനത്തു കാത്തു നിൽക്കുമ്പോഴാണ് ഇവരെയൊക്കെ മറികടന്നുള്ള പിൻവാതിൽ വിതരണം.
ചില സ്ഥലങ്ങളിൽ കൂട്ടത്തോടെ വാക്‌സീൻ ബുക്ക് ചെയ്യാൻ ഹെൽപ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്. വാക്‌സീൻ സ്ലോട്ടുകളെക്കുറിച്ചുള്ള വിവരം നേരത്തേ ചോർത്തി നൽകി ഇവർ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതോടെ ഓൺലൈനിലും വാക്‌സീൻ കിട്ടാനില്ലാത്ത അവസ്ഥയാണ്. അറിയിപ്പു വന്നു മിനിറ്റുകൾക്കുള്ളിൽ അപേക്ഷിച്ചാലും ബുക്കിങ് പൂർണമായതായാണു വെബ്‌സൈറ്റിൽ കാണുന്നത്.
കോവിൻ പോർട്ടൽ വഴി മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ഭാഗികം മാത്രം. സർക്കാർ വിതരണകേന്ദ്രങ്ങളിലെത്തുന്ന വാക്സിനിൽ ഭൂരിഭാഗവും തദ്ദേശസ്ഥാപനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വീതംവെച്ചെടുക്കുകയാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടിപ്രതിനിധികളും ഇതിന്റെ പങ്കുപറ്റുന്നതിനാൽ ആരും പ്രതികരിക്കാൻ തയ്യാറല്ല.
സമയക്രമമില്ലാതെ ആളുകൾ വിതരണകേന്ദ്രങ്ങളിൽ എത്തുന്നത് പലയിടത്തും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നു. രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഏറെയും. ഇതുസംബന്ധിച്ച പോർട്ടലിൽനിന്നുള്ള മെസേജുമായി വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവരുടെ മുന്നിൽ ആരോഗ്യപ്രവർത്തകരും കൈമലർത്തുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതലുള്ള സർക്കാർ കേന്ദ്രങ്ങളിൽ പൂർണമായും ബുക്കുചെയ്തുവെന്ന വിവരമാണ് തുടക്കത്തിൽത്തന്നെ കോവിൻ പോർട്ടലിൽ ദൃശ്യമാവുന്നതെന്നും വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർ പരാതിപ്പെടുന്നു.
18-ന് മുകളിൽ സ്‌കൂൾ അദ്ധ്യാപകരും കോളേജ് വിദ്യാർത്ഥികളും അടക്കം അറുപതിലധികം വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോർട്ടലിൽ ഇതിനുള്ള സൗകര്യമൊന്നും ഏർപ്പെടുത്തിയിട്ടില്ല. വാക്സിൻ വിതരണത്തിൽ സംസ്ഥാനം ദേശീയതലത്തിൽ പതിനൊന്നാം സ്ഥാനത്ത്. കേരളത്തെക്കാൾ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നിൽ അധികവും. ഉത്തർപ്രദേശാണ് രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്തത്. 3.61 കോടിയാളുകൾക്ക് ആദ്യ ഡോസും 70 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി.
മറുനാടന് മലയാളി ബ്യൂറോ