കാസർകോട് : കാസർകോട് ജില്ലയിലെ മൊഗ്രാൽപുത്തൂർ ജി എച്ച് എസ് എസ് സ്‌കൂളിൽ ഇന്ന് നടന്ന വാക്‌സിനേഷൻ തെരുവ് യുദ്ധത്തിൽ കലാശിച്ചു. ഇന്ന് രാവിലെ വാക്‌സിനേഷൻ നിശ്ചയിച്ചിരുന്ന മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡിലെ താമസക്കാർക്ക് 12 മണി വരെയും തുടർന്ന് ഇതര സംസ്ഥാനത്ത് വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്.

എന്നാൽ ഇവിടെ മുസ്ലിംലീഗും പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമാണ് പ്രവേശിപ്പിക്കുന്നതന്ന് ആരോപിച്ചു ടങ്ങിയ വാക്കുതർക്കം പിന്നീട് കടുത്ത വാക്ക് പോരിലേക്കും കൂട്ടത്തല്ലിലേക്കും വഴിമാറുകയായിരുന്നു. വാക്‌സിനേഷൻ വിതരണത്തിൽ ജനങ്ങളെ എല്ലാവരെയും ഒന്നായി കാണണമെന്നും തങ്ങളുടെ അനുയായികൾക്ക് മാത്രം വാക്‌സിൻ നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഐ എൻ എൽ നേതാവ് സാധിക്ക് കടപ്പുറം വ്യക്തമാക്കി.

കഴിഞ്ഞ കുറേ ദിവസങ്ങളായി മുസ്ലിംലീഗ് കുത്തക പ്രദേശങ്ങളിൽ വാക്‌സിനേഷൻ തങ്ങളുടെ പ്രവർത്തകർക്ക് മാത്രമായി ചുരുക്കി ഇരിക്കുകയാണെന്നും വൈറ്റ് ഗാർഡ് വളണ്ടിയർമാർ ഗുണ്ടകളെ പോലെയാണ് ജനങ്ങളോട് പെരുമാറുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ചെങ്കള പഞ്ചായത്തിൽ കഴിഞ്ഞദിവസം പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് പ്രസിഡണ്ട് നിരവധി അനുയായികളുമായി എത്തി വാക്‌സിനേഷൻ നൽകാൻ ആവശ്യപ്പെട്ട് വിവാദം കെട്ടടങ്ങും മുമ്പാണ് മൊഗ്രാൽ പുത്തൂരിൽ കൂട്ടത്തല്ല് അരങ്ങേറിയത്.