കോഴിക്കോട്: അൻപത് കിലോമീറ്റർ സഞ്ചരിച്ച് വാക്സിനെടുക്കാനെത്തിയ വീട്ടമ്മയ്ക്ക് വാക്സിൻ നിഷേധിച്ചെങ്കിലും വീട്ടിലെത്തിയപ്പോൾ ആരോഗ്യവകുപ്പ് വാക്സിൻ സർട്ടിഫിക്കറ്റ് നൽകി. കോഴിക്കോട് അരക്കിണർ താരിഖ് മൻസിലിൽ വി നദീറയ്ക്കാണ് വാക്സിൻ എടുക്കാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. നദീറയുടെ രജിസ്ട്രേഷൻ കൃത്യമല്ലാത്തതിനാൽ വാക്സിൻ നൽകാൻ കഴിയില്ലെന്ന് പറഞ്ഞാണ് അധികൃതർ തിരിച്ചയച്ചത്.

വാക്സിനേഷനു രജിസ്റ്റർ ചെയ്തപ്പോൾ പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്സിയിലാണ് നദീറയ്ക്ക് സ്ലോട്ട് ലഭിച്ചത്. മകനോടൊപ്പം ഇരുചക്രവാഹനത്തിൽ അരക്കിണറിൽനിന്ന് ചങ്ങരോത്തെത്തിയെങ്കിലും ബുക്കിങ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയച്ചു. എന്നാൽ തിരികെ വീട്ടിലെത്തിയപ്പോഴേക്കും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന സന്ദേശം ഫോണിൽ ലഭിച്ചു.

സർട്ടിഫിക്കറ്റിൽ തന്റെ പേരും ആധാർ കാർഡിന്റെ നമ്പറും വാക്സീന്റെ പേരുമെല്ലാം കൃത്യമായുണ്ട്. ഇത്ര കൃത്യമായി വിവരങ്ങൾ നൽകിയെന്നിരിക്കെ എന്തുകൊണ്ടാണു വാക്സീൻ നൽകാതെ മടക്കിയത് എന്ന സംശയത്തിലാണ് നദീറ. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ടും വാക്സീൻ നൽകാതെ തിരിച്ചയച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.