- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് ലക്ഷം കടന്ന് വാക്സിനേഷൻ; ഇന്ന് വാക്സിൻ നൽകിയത് 5.09 ലക്ഷം പേർക്ക്; സംസ്ഥാനത്തിന് 2.91 ലക്ഷം ഡോസ് വാക്സിൻ കൂടി കിട്ടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,08,849 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിൽ 4,39,860 പേർക്ക് ഒന്നാം ഡോസ് വാക്സിനും 68,989 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആരലക്ഷത്തിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകി.
തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്സിനേഷൻ 5 ലക്ഷത്തിൽ കൂടുന്നത്. കഴിഞ്ഞ ദിവസം 5.60 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. 60 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇനിയാരെങ്കിലും ഈ വിഭാഗത്തിൽ വാക്സിനെടുക്കാനുണ്ടെങ്കിൽ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന് ഇന്ന് 2,91,080 ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്.
1,478 സർക്കാർ കേന്ദ്രങ്ങളിലും 359 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1837 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,39,22,426 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,72,66,344 പേർക്ക് ഒന്നാം ഡോസ് വാക്സിനും 66,56,082 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 48.7 ശതമാനം പേർക്ക് ഒന്നാം ഡോസും 18.79 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 60.07 ശതമാനം പേർക്ക് ഒന്നാം ഡോസും 23.18 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.