തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ വാക്സിനേഷൻ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേർക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്സിൻ നൽകിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. സംസ്ഥാനത്തിന്റെ വാക്സിനേഷൻ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ച് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,45,13,225 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,77,88,931 പേർക്ക് ഒന്നാം ഡോസ് വാക്സിനും 67,24,294 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 50.25 ശതമാനം പേർക്ക് ഒന്നാം ഡോസും 19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 61.98 ശതമാനം പേർക്ക് ഒന്നാം ഡോസും 23.43 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ഇതുവരെ വരെ ഇന്ത്യയിൽ 130 കോടി ജനങ്ങളിൽ 42,86,81,772 പേർക്ക് ഒന്നാം ഡോസും (32.98) 12,18,38,266 പേർക്ക് രണ്ടാം ഡോസും (9.37) ഉൾപ്പെടെ 55,05,20,038 പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്.

സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേർത്ത് 1,27,53,073 ഡോസ് സ്ത്രീകൾക്കും, 1,17,55,197 ഡോസ് പുരുഷന്മാർക്കുമാണ് നൽകിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് 75,27,242 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് 83,31,459 ഡോസും, 60 വയസിന് മുകളിലുള്ളവർക്ക് 86,54,524 ഡോസുമാണ് നൽകിയിട്ടുള്ളത്.

സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതലാണ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഈ തിങ്കളാഴ്ച വരെ ആകെ 27,61,409 പേർക്കാണ് വാക്സിൻ നൽകിയത്. തിങ്കൾ 2,54,409, ചൊവ്വ 99,528, ബുധൻ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246, ഞായർ 3,29,727 എന്നിങ്ങനെയാണ് വാക്സിനേഷൻ യജ്ഞം നടത്തിയത്. ഇന്ന് 3,39,930 പേർക്കാണ് വാക്സിൻ നൽകിയത്. 1351 സർക്കാർ കേന്ദ്രങ്ങളിലും 363 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1714 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.