ലണ്ടൻ: വ്യാപകമായ വക്സിൻ പദ്ധതിയായിരുന്നു ബ്രിട്ടനിൽ നടപ്പിലാക്കിയത്. ഒരുപക്ഷെ ലോക രാജ്യങ്ങളിൽ ഇസ്രയേൽ മാത്രമാണ് ഇക്കാര്യത്തിൽ ബ്രിട്ടനു മുന്നിലുള്ളത്. 75 ശതമാനം പേർക്കും വാക്സിൻ നൽകിയിട്ടും ബ്രിട്ടനിൽ കോവിഡ് പടർന്നുപിടിക്കുകയാണ്. സോ കോവിഡ് ആപിൽനിന്നുള്ള പുതിയ വിവരമനുസരിച്ച് ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരിൽ കോവിഡ് കാണിക്കുന്നത്.

നിലവിൽ ബ്രിട്ടനിലുള്ള സജീവ കോവിഡ് രോഗികളിൽ 30 ശതമാനം പേർ കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടു ഡോസുകളും എടുത്തതാണെന്നാണ് സോ കോവിഡ് സ്റ്റഡിയുടെ റിപ്പോർട്ട്. അതുകൊണ്ടുതന്നെ രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് പ്രദർശിപ്പിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകണമെന്ന് സോ കോവിഡ് സ്റ്റഡി ആപ്പിനു പുറകിലെ ചാലകശക്തിയായ പ്രൊഫസർ ടിം സ്പെക്ടർ പറയുന്നു.

ഒരു ഫ്ളൂ എന്നതിനേക്കാളേറെ സാധാരണ ജലദോഷവുമായാണ് രണ്ടു ഡോസ് വാക്സിനും എടുത്തവരിൽ കോവിഡ് കാണീക്കുന്ന ലക്ഷണങ്ങൾക്ക് സാമ്യതയുള്ളതെന്ന് അദ്ദേഹം പറയുന്നു. മൂക്കൊലിപ്പ്, തലവേദന, തുമ്മൽ, തൊണ്ടയിലെ അസ്വസ്ഥതകൾ, ഗന്ധം അറിയാതാവുക തുടങ്ങിയവയാണ് ഇവരിലെ പ്രധാന കോവിഡ് ലക്ഷണങ്ങൾ എന്നും അദ്ദേഹം പറയുന്നു. പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാൻ ജലദോഷത്തിന്റേതിനു സമാനമായ ഈ ലക്ഷണങ്ങളും കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ ചേർക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പ്രതിദിനം 15,000 ല അധികം പേരാണ് രണ്ടു ഡോസ് വാക്സിനുകളും സ്വീകരിച്ചവരുടെ വിഭാഗത്തിൽ നിന്നും കോവിഡ് ബാധിതരാകുന്നതെന്ന് അദ്ദേഹം പറയൂന്നു. ഇത് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. നിലവിൽ പുതിയ കോവിഡ് രോഗികളിൽ 30 ശതമാനത്തോളം രണ്ട് ഡോസ് വാക്സിൻ എടുത്തവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു;. 18 മുതൽ 35 വയസ്സുവരെ പ്രായമുള്ളവരാണ് നിലവിൽ കോവിഡ് ബാധിതരാകുനന്തിൽ ഭൂരിപക്ഷവും. 18 വയസ്സിൽ താഴെയുള്ളവരാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.

അതേസമയം, വാക്സിൻ സ്വീകരിച്ചവരിൽ, പ്രത്യേകിച്ചും രണ്ടു ഡോസുകളും എടുത്തവരിൽ രോഗലക്ഷണങ്ങൾ ഗുരുതരമാകാനുള്ള സാധ്യത തീരെ കുറവാനെന്നും പഠനം വെളിപ്പെടുത്തുന്നു. എന്നാൽ, ലക്ഷണങ്ങളിൽ നിന്നും രോഗം തിരിച്ചറിഞ്ഞ് നേരത്തേ ചികിത്സിക്കേണ്ടത അത്യാവശ്യമാണ്. അതിനായി പുതിയ ലക്ഷണങ്ങളെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കിയേ തീരൂ.