തിരുവനന്തപുരം: വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അദ്ധ്യാപകരുടെ വാക്സിനേഷൻ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനെടുക്കാൻ ശേഷിക്കുന്ന അദ്ധ്യാപകർ, മറ്റ് സ്‌കൂൾ ജീവനക്കാർ എന്നിവർ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേർക്ക് വാക്സിൻ നൽകി. 1,459 സർക്കാർ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1832 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,86,31,227 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,09,75,647 പേർക്ക് ഒന്നാം ഡോസ് വാക്സിനും 76,55,580 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷൻ അനുസരിച്ച് 59.20 ശതമാനം പേർക്ക് ഒന്നാം ഡോസും 21.61 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 73.02 ശതമാനം പേർക്ക് ഒന്നാം ഡോസും 26.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ഇതിൽ 5,09,640 ഡോസ് വാക്സിൻ ഞായറാഴ്ചയും 2,91,220 ഡോസ് വാക്സിൻ തിങ്കളാഴ്ചയുമാണ് എത്തിയത്. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്സിനാണെത്തിയത്. ഇതുകൂടാതെ 15 ലക്ഷം എ.ഡി. സിറിഞ്ചും ലഭ്യമായിട്ടുണ്ട്.