- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ 80 ശതമാനം കവിഞ്ഞു; ആദ്യ ഡോസ് സ്വീകരിച്ചത് 80.17 ശതമാനം പേർ; 32.17 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും; കോവിഡ് കേസുകളുടെ കാര്യത്തിൽ ആശ്വാസകരമായ സ്ഥിതി; ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30 ശതമാനമായി കൂടിയത് ആശാസ്യം അല്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷനിൽ നിർണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ (2,30,09,295) നൽകാൻ കഴിഞ്ഞു. 32.17 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (92,31,936) നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ മൂന്ന് കോടിയിലധികം (3,22,41,231) ഡോസ് വാക്‌സിൻ നൽകാനായി. കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോൾ പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകി സംരക്ഷിക്കുകയാണ് പ്രധാനം. ആ ലക്ഷ്യത്തിൽ 80 ശതമാനം കവിഞ്ഞു എന്നത് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
കോവിഡ് കേസുകളുടെ കാര്യത്തിൽ ആശ്വാസകരമായ സ്ഥിതിയാണ്. ഇന്ന് 17,681 പേർക്കണ് രോഗബാധ സ്ഥിരീകരിച്ചത്. 97,070 പരിശോധന നടന്നു. 208 മരണങ്ങളുണ്ടായി. ഇപ്പോൾ 1,90,750 പേരാണ് ചികിത്സയിലുള്ളത്
നിപ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇൻക്യുബേഷൻ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട്ട് കണ്ടെയിന്മെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടൈയിന്മെന്റായി തുടരും. രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ തന്നെ കഴിയേണ്ടതാണ്. കണ്ടെയിന്മെന്റ് സോണിൽ നിർത്തിവച്ചിരുന്ന കോവിഡ് വാക്‌സിനേഷൻ പുനരാരംഭിച്ചിട്ടുണ്ട്.
കോവിഡിൽ ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷനിൽ നിർണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ (2,30,09,295) നൽകാൻ കഴിഞ്ഞു. 32.17 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (92,31,936) നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ മൂന്ന് കോടിയിലധികം (3,22,41,231) ഡോസ് വാക്‌സിൻ നൽകാനായി. കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോൾ പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകി സംരക്ഷിക്കുകയാണ് പ്രധാനം. ആ ലക്ഷ്യത്തിൽ 80 ശതമാനം കവിഞ്ഞു എന്നത് നിർണായകമാണ്.
18 വയസിന് മുകളിലുള്ള ബാക്കിയുള്ളവർക്ക് കൂടി ഈ മാസത്തിൽ തന്നെ വാക്‌സിൻ നൽകാനുള്ള പരിശ്രമത്തിലാണ് സർക്കാർ. സെപ്റ്റംബർ 8 മുതൽ 14 വരെയുള്ള കാലയളവിൽ, ശരാശരി കോവിഡ് ആക്ടീവ് കേസുകൾ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ഇന്നലെ വരെ 1,98,865 കോവിഡ് കേസുകളിൽ, 13.7 ശതമാനം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. എന്നിവിടങ്ങളിൽ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 2 ശതമാനം പേർക്ക് മാത്രമേ ഈ കാലയളവിൽ ഓക്‌സിജൻ കിടക്കകൾ വേണ്ടിവന്നിട്ടുള്ളൂ. ഒരു ശതമാനം മാത്രമേ ഐ.സി.യു.വിലുള്ളൂ.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആർ) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനേഷൻ ഈ മാസത്തോടെ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മൂന്നു മാസങ്ങൾക്കകം രണ്ടാം ഡോസ് വാക്‌സിനേഷനും പൂർത്തിയാക്കാൻ കഴിയുമെന്നാണിപ്പോൾ കരുതുന്നത്.
രോഗം ബാധിച്ച ശേഷം ആശുപത്രികളിൽ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധന ഉണ്ടാകുന്നുണ്ട്. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30 ശതമാനമായി വർദ്ധിച്ചിരിക്കുന്നു. ഓഗസ്റ്റ് മാസത്തിൽ അത് 22 ശതമാനമായിരുന്നു. ഇത്തരമൊരു പ്രവണത ആശാസ്യമല്ല. കോവിഡ് കാരണം മരണമടയുന്നവരിൽ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങൾ ഉള്ളവരുമാണ്. തക്ക സമയത്ത് ചികിത്സ നേടിയാൽ വലിയൊരളവ് മരണങ്ങൾ കുറച്ചു നിർത്താൻ സാധിക്കും. എത്രയും പെട്ടെന്ന് ചികിത്സ നേടാൻ പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരും ശ്രദ്ധിക്കണം. അവരുടെ ബന്ധു മിത്രാദികളും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വാർഡ് തല കമ്മിറ്റികളും സക്രിയമായി ഇടപെടണം.
മരണമടഞ്ഞവരിൽ വലിയൊരു ശതമാനം പേരും വാക്‌സിൻ എടുക്കാത്തവരായിരുന്നു. 60 വയസ്സിനു മുകളിലുള്ളവരിൽ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവർ ഇനിയുമുണ്ട്. ആവർ നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണം. വാക്‌സിൻ എടുക്കുന്നവർക്കും രോഗപ്പകർച്ച ഉണ്ടാകുന്നുണ്ട്. അതിൽ ആശങ്കപ്പെടേണ്ടതില്ല. രോഗപ്പകർച്ചയും രോഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. വാക്‌സിൻ എടുത്തവരിൽ രോഗബാധ ഉണ്ടായാലും രോഗാവസ്ഥകൾ കടുത്തതാകില്ല. മരണ സാധ്യതയും വളരെ കുറവാണ്. വാക്‌സിൻ എടുത്തവരെ വൈറസ് ബാധിച്ചാൽ അവരിൽ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ വാക്‌സിൻ എടുത്തവരും കോവിഡ് പെരുമാറ്റ ചട്ടങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ ശ്രദ്ധിക്കണം.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറൊ പ്രിവലൻസ് പഠനം നടക്കുകയാണ്. എത്ര പേർക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് ഈ പഠനം. കുട്ടികളിലും സെറോ പ്രിവലൻസ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്‌സിൻ വിതരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ കൃത്യതയോടെ നടപ്പിലാക്കാനും ഈ പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ക്വാറന്റയ്ൻ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി പൊലീസിന്റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ഒരാഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളിൽ കഴിഞ്ഞയാഴ്ച പൊലീസ് സന്ദർശനം നടത്തി. ക്വാറന്റയ്‌നിൽ കഴിയുന്ന 3,40,781 പേരെയാണ് പൊലീസിന്റെ മോട്ടോർ സൈക്കിൾ സംഘം സന്ദർശിച്ച് വിവരങ്ങൾ അരാഞ്ഞത്. കഴിഞ്ഞയാഴ്ച
ക്വാറന്റയ്‌നിൽ കഴിഞ്ഞ 3,47,990 പേരെ ഫോണിൽ ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ക്വാറന്റയ്ൻ ലംഘിച്ച 1239 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ