തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയലധികം പേർക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേർക്ക് (1,18,84,300) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,68,95,509 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേർക്ക് 3 മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതി. അതിനാൽ ഇനി ഏഴ് ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഉടൻ തന്നെ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാൽ ചിലയാളുകൾ 84 ദിവസം കഴിഞ്ഞും വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്സിനും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്സിൻ കൃത്യസമയത്ത് തന്നെ സ്വീകരിക്കേണ്ടതാണ്.

ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിൻ എടുത്തു. ആരോഗ്യ പ്രവർത്തകരിൽ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളിൽ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകൾ 1,91,10,142 ഡോസ് വാക്സിനും പുരുഷന്മാർ 1,77,76,443 ഡോസ് വാക്സിനുമാണെടുത്തത്.

ഇന്ന് 1642 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. അതിൽ 1355 സർക്കാർ കേന്ദ്രങ്ങളും 287 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.