തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പേരു വിവരങ്ങൾ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ശിവൻകുട്ടി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. അയ്യായിരത്തോളം അദ്ധ്യാപകർ വാക്സീൻ എടുത്തിട്ടില്ലെന്ന നേരത്തെ വിദ്യാഭ്യാസ മന്ത്രി അറയിച്ചിരുന്നു. ഇവരുടെ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്കു പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു. വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ ആരൊക്കെയന്ന് സമൂഹം അറിയണം. ഇവർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ചില അദ്ധ്യാപകർ വാക്സിനെടുക്കാതെ സ്‌കൂളിൽ വരുന്നുണ്ടെന്ന് മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ നടപടി സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിൻ എടുക്കാത്ത അദ്ധ്യാപകരെ സ്‌കൂളിൽ വരാൻ മാനേജ്മെന്റ് നിർബന്ധിക്കുന്നതായും ശിവൻകുട്ടി ആരോപിച്ചു. 47 ലക്ഷം വിദ്യാർത്ഥികളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.

വലിയ തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മതവിശ്വാസത്തിന്റെ പേരിലും മറ്റു കാരണങ്ങളാലും അദ്ധ്യാപകർ വാക്‌സിനെടുക്കാത്തതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. അദ്ധ്യാപകരെല്ലാം വാക്‌സിനെടുക്കണം എന്നതാണ് തങ്ങളുടെ നിലപാടെന്നും പ്രതിപക്ഷ നേതാവ് കാസർകോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

കുട്ടികളുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ടതാണ്. മതവിശ്വാസത്തിന്റെയോ മറ്റെന്തങ്കിലും കാരണത്താലോ വാക്‌സിൻ എടുക്കാതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നം സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് അയ്യായിരത്തോളം അദ്ധ്യാപകർ വാക്‌സിൻ എടുക്കാൻ ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്. അദ്ധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുക്കണം വാക്‌സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ല എന്നാണ് മാർഗരേഖ. ഇത് കർശനമായി നടപ്പിലാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വാക്‌സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ആരോഗ്യ സമിതിയുടെ റിപ്പോർട്ട് വാങ്ങണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

അയ്യായിരത്തോളം അദ്ധ്യാപകർ വാക്‌സിനെടുക്കാൻ ബാക്കിയുണ്ടെന്ന റിപ്പോർട്ട് സംസ്ഥാനത്ത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വാക്‌സിൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു.