- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു; വാക്സിനേഷൻ അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക്; കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിൽ കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു. അഞ്ച് മുതൽ 11 വരെ പ്രായക്കാരായ കുട്ടികൾക്കാണ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുട്ടികളുടെ ഈ വിഭാഗത്തിൽ കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള വിവിധ പ്രായക്കാരുടെ വാക്സിനേഷൻ പുരോഗമിക്കുന്നു. ഇതുവരെ കുത്തിവെച്ച ഡോസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. മുതിർന്നവർക്ക് ബൂസ്റ്റർ ഡോസും നൽകി തുടങ്ങി.
അതേസമയം ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനായ കൊവാക്സിൻ എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്റ്റർ ചെയ്യണമെന്ന് ട്വിറ്ററിൽ എംബസി അറിയിച്ചു.
കൊവാക്സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശന വിസയിലുള്ളവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. സൗദിയിൽ ആദ്യം അംഗീകാരം നേടിയ ഫൈസർ, ആസ്ട്രാസെനക, മഡോണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്ക് പുറമെ കൊവാക്സിൻ അടക്കം നാലു പുതിയ വാക്സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശന വിസയിലും വരാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൊവാക്സിൻ, സിനോഫാം, സിനോവാക്, സ്പുട്നിക് വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ