- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി ആദ്യ ആഴ്ച്ച മുതൽ മുൻനിര പ്രവർത്തകർക്കും കോവിഡ് വാക്സിനേഷൻ ആരംഭിക്കും; ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണവും ഇതിനൊപ്പം തുടരും; സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം; 61 ലക്ഷം പേരുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ സമാഹരിച്ചു; വെള്ളിയാഴ്ച വരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചത് 29,28,053 പേർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീരുമാനം. ഫെബ്രുവരി ആദ്യ ആഴ്ച മുതൽ കോവിഡ് മുന്നണി പ്രവർത്തകർക്ക് പ്രതിരോധ വാക്സിൻ വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര സർക്കാർ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണവും ഇതിനൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
വാക്സിൻ നൽകേണ്ട കോവിഡ് മുൻനിര പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 61 ലക്ഷം പേരുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ സമാഹരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതൽ മുന്നണി പ്രവർത്തകരുടെയും ആരോഗ്യപ്രവർത്തകരുടെയും വാക്സിനേഷൻ ഒരുമിച്ച് നടത്തണമെന്ന് നിർദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
വാക്സിനേഷന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത് ജനുവരി 16ന് ആണ്. വെള്ളിയാഴ്ച വരെ 29,28,053 പേരാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മുന്നണി പ്രവർത്തകർക്കുമാണ് വാക്സിൻ വിതരണം ചെയ്യുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വർധിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (47) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 29, ഇടുക്കി 3, കണ്ണൂർ 46, കാസർഗോഡ് 12, കൊല്ലം 19, കോട്ടയം 39, കോഴിക്കോട് 26, മലപ്പുറം 27, പാലക്കാട് 26, പത്തനംതിട്ട 33, തിരുവനന്തപുരം 47, തൃശൂർ 27, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (3598) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 1641, എറണാകുളം 2844, ഇടുക്കി 215, കണ്ണൂർ 3598, കാസർഗോഡ് 739, കൊല്ലം 1484, കോട്ടയം 3004, കോഴിക്കോട് 2075, മലപ്പുറം 1847, പാലക്കാട് 2269, പത്തനംതിട്ട 2121, തിരുവനന്തപുരം 3176, തൃശൂർ 2993, വയനാട് 1243 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,36,473 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ