- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിനേഷനിൽ കേരളം ദേശീയ ശരാശരിക്കും ബഹുദൂരം പിന്നിൽ; കേരളം രാജ്യത്ത് 23ാം സ്ഥാനത്ത്; മുന്നണി പോരാളികളിലെ ആദ്യ ഡോസ് വാക്സിനേഷന്റെ കാര്യത്തിലും തൈഥവ; 10 ലക്ഷം ഡോസ് ഉപയോഗിച്ചില്ലെന്നത് അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ നിരക്കിൽ കേരളം വളരെ പിന്നിൽ. വാക്സിനേഷൻ കണക്കുകളിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. വാക്സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്. മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തിൽ ഇത് 74 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 83 ശതമാനവും കേരളത്തിൽ ഇത് വെറും 60 ശതമാനവുമാണ്.
യുവാക്കളുടെ വാക്സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 21 ശതമാനമാണെങ്കിൽ കേരളത്തിൽ 16 ശതമാനം മാത്രമാണ്. ഓരോ സംസ്ഥാനത്തിനും നൽകിയ വാക്സിൻ ഡോസിന്റെ കാര്യത്തിൽ കേരളം തങ്ങൾക്ക് ലഭ്യമായ വാക്സിൻ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള രോഗവ്യാപനതോത് കേരളത്തിൽ ഇപ്പോഴും കുറഞ്ഞിട്ടില്ല. വാക്സിൻ ലഭ്യതക്കുറവിനെ കുറിച്ച് നിരന്തരം പരാതിയുന്നയിക്കുന്ന സംസ്ഥാനമാണ് കേരളം.
അതേസസമയം സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകുന്നതാണ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിൻ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതൽ വാക്സിൻ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിനുകളാണ് എത്തിയത്. എന്നാൽ 16-ാം തീയതി മുതൽ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആൾക്കാർക്ക് വാക്സിൻ നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേർക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേർക്കും വ്യാഴാഴ്ച 2.8 ലക്ഷം പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിർത്തിയാൽ പോലും ആർക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്സിൻ നൽകുന്നതെന്ന്. ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാർത്ഥ്യത്തിന് ഒട്ടും നിരക്കുന്നതല്ല.
തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. വാക്സിൻ സംസ്ഥാനത്തെത്തിയാൽ അതെത്രയും വേഗം താഴെത്തട്ടിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. കുറഞ്ഞ അളവിൽ വാക്സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകളും നൽകാൻ കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതൽ വാക്സിൻ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നത്.
ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയാൽ ഇത് ബോധ്യമാകുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ