തൃശൂർ: കേരളത്തിൽ മികച്ച രീതിയിലാണ് കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ നടത്തിവരുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന ജനസംഖ്യയുടെ 92.66 ശതമാനം പേർക്ക് ഒന്നാം ഡോസും പകുതിയോളം പേർക്ക് രണ്ടാം ഡോസും നൽകാനായത് വലിയ നേട്ടമാണ്. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ പതിനാലാമത് ബിരുദദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


വാക്സിൻ വയലുകളുടെ കാര്യക്ഷമമായ ഉപയോഗം ഉൾപ്പെടെ മികച്ച രീതിയിൽ വാക്സിനേഷൻ ഡ്രൈവ് നടത്തിയതാണ് കേരളത്തെ ഇന്ത്യാ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡിന് അർഹമാക്കിയതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് മികച്ചതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കേരളം ഏറെ മുന്നിലാണ്. മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിലും പട്ടിണി കുറക്കുന്നതിലും ലിംഗസമത്വം കൈവരിക്കുന്നതിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലും കേരളം മികച്ച നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

14,229 വിദ്യാർത്ഥികൾക്കാണ് ഗവർണർ ബിരുദം സമ്മാനിച്ചത്. സർവലാശാല നൽകുന്ന ഡോക്ടർ ഓഫ് സയൻസസ് ഓണററി ബിരുദം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി പ്രഫ. ഡോ. പോൾ സ്വാമിദാസ് സുധാകർ റസലിന് ഗവർണർ സമ്മാനിച്ചു. റാങ്ക് ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. സർവകലാശാലയ്ക്കു കീഴിലെ വിദ്യാർത്ഥികൾ ഒപ്പുവച്ച സ്ത്രീധന വിരുദ്ധ പ്രഖ്യാപനം രജിസ്ട്രാർ ഗവർണർക്ക് കൈമാറി.

സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ ഡോ. സി പി വിജയൻ, രജിസ്ട്രാർ ഡോ. എ കെ മനോജ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ് അനിൽ കുമാർ, ഫിനാൻസ് ഓഫീസർ കെ പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു