ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ചെറിയ സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം നിർത്തലാക്കിയത് പുനഃസ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നാണ് ആവശ്യം. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷിചേരാനും കേരള സ്വകാര്യ ആശുപത്രി അസോസിയേഷൻ അപേക്ഷ നൽകി.

1200-ൽ അധികം ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികൾ അംഗങ്ങളായ കേരള സ്വകാര്യ ആശുപത്രി അസോസിയേഷൻ ആണ് വാക്സിൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ വാക്സിൻ നയം നിലവിൽവരുന്നതിന് മുമ്പ് ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികൾ പണംനൽകി സർക്കാരിൽ നിന്ന് വാക്സിൻ വാങ്ങിയിരുന്നു. എന്നാൽ പുതിയ നയം നിലവിൽവന്നതിന് ശേഷം നിർമ്മാതാക്കളിൽനിന്ന് നേരിട്ട് ആശുപത്രികൾ വാക്സിൻ വാങ്ങണമെന്നാണ് സർക്കാർ നിഷ്‌കർച്ചിരിക്കുന്നത്. ഇതോടെ ആദ്യ ഘട്ടത്തിൽ വാക്സിൻ കേന്ദ്രങ്ങൾ സജ്ജീകരിച്ച തങ്ങൾ പ്രതിസന്ധിയിലായെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ ആശുപത്രികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്കായി വാക്സിൻ സംഭരിച്ച് വിതരണംചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെയ്, ജൂൺ മാസങ്ങളിൽ 20 കോടിയോളം രൂപ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ നിലവിൽ വാക്സിൻ നൽകാൻ കഴിയില്ലെന്നും കൈമാറിയ തുക തിരികെ നൽകാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചതായും അസോസിയേഷൻ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ വാക്സിൻ നയം പ്രകാരം ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 25 ശതമാനം നിർമ്മാതാക്കൾക്ക് സ്വകാര്യ ആശുപത്രികൾക്ക് നൽകാം. എന്നാൽ ഏറ്റവും ചുരുങ്ങിയത് 6000 ഡോസിന്റെ ഓർഡർ ഉണ്ടെങ്കിൽ മാത്രമേ കോവിഷീൽഡ് വാക്സിൻ നൽകാൻ കഴിയു എന്ന് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. 2880 ഡോസിൽ കുറഞ്ഞുള്ള ഓർഡറിന് കോവാക്സിൻ നൽകാൻ കഴിയില്ലെന്നാണ് ഭാരത് ബയോടെകും വ്യക്തമാക്കിയിട്ടുള്ളത്. നിർമ്മാതാക്കളുടെ ഈ നിലപാട് വൻകിട ആശുപത്രികൾക്ക് മാത്രമാണ് ഗുണംചെയ്യുന്നതെന്നും അസോസിയേഷൻ ആരോപിക്കുന്നു.

കേരളത്തിൽ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ കുത്തിവയ്ക്കണമെങ്കിൽ നാല് കോടി വാക്സിൻ വേണം. ഗ്രാമീണ മേഖലകളിൽ വാക്സിൻ കുത്തിവെപ്പ് വേഗത്തിലാക്കണമെങ്കിൽ ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികളേക്കൂടി വാക്സിനേഷൻ യജ്ഞത്തിൽ പങ്കാളികളാക്കണമെന്നും അഭിഭാഷകൻ സുൽഫിക്കർ അലി മുഖേന ഫയൽചെയ്ത അപേക്ഷയിൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.