- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്‌സീൻ ഒരു ഡോസ് മാത്രം എടുത്തവരിൽ രോഗബാധ കുറവ്; വാക്‌സീൻ പ്രതിരോധ ശേഷി റിപ്പോർട്ടുകളെ ഖണ്ഡിക്കുന്ന വിലയിരുത്തലുമായി ആരോഗ്യ വകുപ്പ്; കൂടുതൽ പഠനങ്ങൾ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ഡോസ് വാക്‌സീൻ എടുത്തവരെ അപേക്ഷിച്ച് ഒരു ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗബാധ കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡെ തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ചു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയുള്ള കോവിഡ് ബാധിതരുടെ വാക്‌സിനേഷൻ പരിശോധനയിലാണ് ഇതുവരെയുള്ള വാക്‌സീൻ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള റിപ്പോർട്ടുകളെ ഖണ്ഡിക്കുന്ന വിലയിരുത്തലുള്ളത്.
കേരളത്തിൽ കൂടുതൽ പേർ ആദ്യ ഡോസ് എടുത്തത് ജൂലൈ സെപ്റ്റംബറിലാണ് എന്നതിനാൽ അവരിൽ പ്രതിരോധ ശേഷി ഇപ്പോഴുമുണ്ട്. ആദ്യഘട്ടത്തിൽ രണ്ടു ഡോസ് എടുത്തവർക്കു വൈറസ് തീവ്രവ്യാപന ഘട്ടത്തിൽ കോവിഡ് ബാധിച്ചില്ല. അവരിൽ ചിലർക്ക് ഇപ്പോഴാണു കോവിഡ് ബാധിക്കുന്നത് എന്നതാകും നിലവിലെ വർധനയ്ക്കു കാരണമെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെ ആകെ കോവിഡ് ബാധിതർ 86,008. ഇതിൽ വാക്‌സീൻ എടുക്കാത്തവർ 34,761. രണ്ടു ഡോസ് വാക്‌സീൻ എടുത്തവർ 23,579. അതേസമയം, ഒരു ഡോസ് വാക്‌സീൻ എടുത്തവർ 13,834 മാത്രം.
ഒക്ടോബർ 6 മുതൽ 12 വരെയുള്ള കണക്കുകൾ ഇങ്ങനെ: കോവിഡ് ബാധിതരിൽ 2 ഡോസ് വാക്‌സീൻ എടുത്തവർ 20,943, ഒരു ഡോസ് എടുത്തവർ11,243.
ഒക്ടോബർ 13 മുതൽ 19 വരെ: 2 ഡോസ് വാക്‌സീൻ എടുത്തവർ 19,090, ഒരു ഡോസ്9,268.
ഒക്ടോബർ 20 മുതൽ 26 വരെ: 2 ഡോസ് എടുത്തവർ 20,391, ഒരു ഡോസ് എടുത്തവർ9,491.
കോവിഡ് ബാധിതരിൽ രണ്ടു ഡോസ് വാക്‌സീൻ എടുത്തവരുടെ പകുതി മാത്രമാണ് ഒരു ഡോസ് എടുത്തവരെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യാന്തര തലത്തിൽ കോവിഡ് വാക്‌സീൻ പ്രതിരോധക്കണക്കുകളുമായി ഒത്തുപോകുന്നതല്ല ഈ റിപ്പോർട്ട് എന്നും കൂടുതൽ പഠനങ്ങൾ വേണമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഒന്നുകിൽ റിപ്പോർട്ടിൽ പിഴവു സംഭവിച്ചിരിക്കണം. അതല്ലെങ്കിൽ ആദ്യഘട്ടത്തിൽ 2ാം ഡോസ് എടുത്ത ആരോഗ്യ പ്രവർത്തകരും മുൻനിരപ്പോരാളികളും വയോധികരും ഉൾപ്പെടെയുള്ളവരുടെ പ്രതിരോധ ശേഷി കുറഞ്ഞു തുടങ്ങിയിരിക്കാം.
പ്രതിരോധ ശേഷി കുറയുന്നതാണു കാരണമെങ്കിൽ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ളവയ്ക്കായി കേരളം കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇക്കാര്യത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
അതേ സമയം സംസ്ഥാനത്ത് ജൂൺ മുതൽ സെപ്റ്റംബർ വരെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90 ശതമാനവും വാക്‌സീനെടുക്കാത്തവരെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രായാധിക്യവും ഗുരുതര രോഗവും അലട്ടുന്നവരിൽ വലിയൊരു ഭാഗം വാക്‌സീൻ എടുത്തിട്ടില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ വ്യക്തമായത്. ഒൻപതിനായിരത്തിലേറെ മരണങ്ങളിൽ വാക്‌സീൻ എടുത്ത ശേഷം മരിച്ചവരുടെ എണ്ണം 200 മാത്രമാണെന്ന് കണ്ടെത്തിയിരുന്നു.
രോഗവ്യാപനം തീവ്രമായ ജൂൺ, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരണത്തിന് കീഴടങ്ങിയത് തൃശൂർ ജില്ലയിലാണ്. 1021 പേർ. ഇതിൽ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ 60 പേർ മാത്രമായിരുന്നു. പാലക്കാട്ട് 958 മരണങ്ങളിൽ 89 പേർ മാത്രമേ വാക്‌സീൻ എടുത്തിരുന്നുള്ളു. ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിലാണ് പഠനം നടത്തിയത്. ആകെ 905 പേർ മാത്രമാണ് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ. ശരാശരി കണക്കാക്കുമ്പോൾ 9. 84 ശതമാനം മാത്രമേയുള്ളു കുത്തിവയ്പ് കിട്ടിയവർ.
ഇതിൽത്തന്നെ 700 പേർ ഒറ്റ ഡോസെ സ്വീകരിച്ചിരുന്നുള്ളു. മരിച്ചവരിൽ 67.43 ശതമാനം പേർക്ക് ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. 26 .4'1 ശതമാനത്തിന് കടുത്ത പ്രമേഹവും 26.11 ശതമാനത്തിന് ഉയർന്ന രക്തസമ്മർദമുണ്ടായിരുന്നു. ഹൃദ്രോഗികൾ 11 ശതമാനവും വൃക്കരോഗികൾ 8 ശതമാനവും. അതായത് പ്രായാധിക്യവും ഗുരുതര ആരോഗ്യ പ്രശ്‌നവുമുള്ള വലിയൊരു പങ്ക് വാക്‌സീൻ എടുക്കാൻ വിമുഖത കാണിക്കുന്നവരോ കുത്തിവയ്പ് കിട്ടാത്തവരോ ആണ്.
45 വയസിനു മുകളിലുള്ള 92% പേർ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. 18 കഴിഞ്ഞ 30 ശതമാനം പേർക്കാണ് രണ്ടു ഡോസ് വാക്‌സീൻ ലഭിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തോളം പേർ ചികിൽസയിൽ കഴിയുമ്പോഴും ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നവരുടേയും ഓക്‌സിജൻ സപ്പോർട്ട് ആവശ്യമായി വരുന്നവരുടേയും എണ്ണം കുറവാണ്. വാക്‌സിനേഷന്റെ ഫലമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ