ന്യൂഡൽഹി: കോവിഡ് വാക്‌സിനായി സാധാരണക്കാർക്ക് 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഒരു കൊറോണ വൈറസ് വാക്സിൻ ഇന്ത്യൻ വിപണിയിൽ സുലഭമായി ലഭ്യമാകാൻ ഒരു വർഷത്തിലധികമെടുക്കും. വാക്സിൻ ഉപയോഗിച്ച് കോവിഡ് പൂർണമായും തുടച്ചുനീക്കാനാകില്ലെന്നും എയിംസ് ഡയറക്ടർ പറഞ്ഞു.

കോവിഡ് വാക്സിൻ സാധാരണക്കാർക്ക് ലഭ്യമാകാൻ ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കും. നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാണ്. ഫ്ളൂ വാക്സിൻ പോലെ കോവിഡ് വാക്സിൻ വിപണിയിൽ ലഭ്യമാകാൻ സമയമെടുക്കും. ഇതാണ് യഥാർത്ഥ സാഹചര്യം- ഗുലേറിയ പറഞ്ഞു.

വാക്സിൻ ലഭ്യമായാൽ അത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന തരത്തിൽ വിതരണം ക്രമീകരിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ശീതീകരണ സംവിധാനം, സിറിഞ്ചുകൾ, സൂചികൾ എന്നിവ ഉറപ്പാക്കി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വാക്സിൻ തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമതൊരു വാക്സിൻ ലഭ്യമാകുകയും അത് ആദ്യത്തേതിനേക്കാൾ ഫലപ്രദമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരിക്കും മറ്റൊരു വെല്ലുവിളി ഉയരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്കാണ് വാക്സിൻ എ ആവശ്യമെന്നും ആർക്കാണ് വാക്സിൻ ബി ആവശ്യമെന്നും എങ്ങനെ തീരുമാനിക്കുമെന്ന് അദ്ദേഹം ചോദിച്ചു.