കോഴിക്കോട്: കോവിഡ് വാക്സിൻ സംഭരണം-വിതരണം സംബന്ധിച്ച് സർക്കാർ സർവകക്ഷി യോഗത്തിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന് ഇടത് എംപിമാർ. കോവിഡ് വാക്‌സിന് ഇപ്പോൾ പറയുന്ന വിലയായ ഒരു ഡോസിന് 2500 രൂപയെന്നത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ലെന്ന് എം വി ശ്രേയാംസ് കുമാർ എംപി പറഞ്ഞു.

പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് ശേഷം എളമരം കരീമീനോടൊപ്പം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന്റെ ഉത്പാദനം സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയില്ല. അതേ സമയം വാക്സിൻ വിതരണം എങ്ങനെ എന്നതിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. ആഴ്കൾക്കുള്ളിൽ കോവിഡ് വാക്സിൻ എത്തുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ അത് എങ്ങനെ സംഭരിക്കുമെന്നോ വിതരണം ചെയ്യുമെന്നോ മറ്റു കാര്യങ്ങളോ സർവകക്ഷി യോഗത്തിൽ സർക്കാർ വ്യക്തത വരുത്തിയില്ലെന്നും ഇടത് എംപിമാർ അറിയിച്ചു.

ആദിവാസികൾക്ക് ഉൾപ്പടെ ഇപ്പോൾ പറഞ്ഞ് കേൾക്കുന്ന വില അപ്രാപ്യമാണ്. ഒരാൾക്ക് രണ്ട് ഡോസെടുക്കുമ്പോൾ 5000 മുതൽ 6000 രൂപ വരെയാകുമെന്നും എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണമെന്നും ശ്രേയാംസ് കുമാർ എംപി ആവശ്യപ്പെട്ടു.