തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ വാക്‌സിൻ യുദ്ധം ഉടൻ തുങ്ങും. വയോജനങ്ങൾക്ക് വാക്‌സീൻ നൽകുമ്പോൾ കേരളത്തിൽ 50 ലക്ഷം പേർക്ക് അതു ലഭിക്കുമെന്നു മന്ത്രി കെ.കെ. ശൈലജ. ആരോഗ്യപ്രവർത്തകർക്കു ശേഷം വയോജനങ്ങൾക്ക് വാക്‌സീൻ നൽകാനാണു കേന്ദ്രത്തിന്റെ തീരുമാനം. വാക്‌സീൻ കുത്തിവയ്‌പ്പിനു വേണ്ടി കേന്ദ്രം അനുവദിച്ച 14 ലക്ഷം സിറിഞ്ചുകൾ കേരളത്തിൽ എത്തി കഴിഞ്ഞു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 100 പേർക്ക് വാക്‌സീൻ നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം.

കേന്ദ്രസർക്കാരിന്റെ കോവിൻ സോഫ്റ്റ്‌വെയറിൽ രാജ്യത്തെ എല്ലാ ആരോഗ്യപ്രവർത്തകരുടെയും വിവരങ്ങൾ ലഭ്യമാണ്. ഇതിൽനിന്നു വെള്ളിയാഴ്ച തന്നെ ഡ്രൈ റണ്ണിൽ വാക്‌സീൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ഫോണിൽ സമയവും ആശുപത്രിയും സംബന്ധിച്ച സന്ദേശം ലഭിച്ചിരുന്നു. ഒന്നാം വാക്‌സിനേഷൻ ഓഫിസർ സാനിറ്റൈസർ നൽകിയതിനൊപ്പം തുടർനടപടികൾ വിശദീകരിച്ചു.

രണ്ടാം വാക്‌സിനേഷൻ ഓഫിസർ ആരോഗ്യപ്രവർത്തകരുടെ മൊബൈലിൽ വന്ന സന്ദേശവും കോവിനിലെ വിവരങ്ങളും ഒത്തുനോക്കി. തുടർന്നാണു വാക്‌സിനേഷൻ മുറിയിലേക്കു കടത്തിവിട്ടത്. ഒരാൾ കുത്തിവയ്പ് എടുത്തു മുറി വിട്ടശേഷമേ അടുത്തയാളെ കടത്തിവിട്ടുള്ളൂ. കുത്തിവയ്പ് എടുത്തവരെ 30 മിനിറ്റ് നിരീക്ഷണമുറിയിൽ ഇരുത്തി.

കേരളത്തിൽ ഡ്രൈ റൺ വിജയമായിരുന്നു. തിരുവനന്തപുരത്തെ പേരൂർക്കട ആശുപത്രിക്കു പുറമേ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് വാക്‌സീൻ എടുക്കാൻ ഇതുവരെ 3.13 ലക്ഷം ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കോവിഡ് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള 30 കോടി ആളുകളെ സർക്കാർ മുൻഗണനാ വിഭാഗമായി നിശ്ചയിച്ചിട്ടുണ്ട്. അവർക്കായിരിക്കും ആദ്യം വാക്‌സീൻ നൽകുന്നത്. ഇവരെ 5 ഉപവിഭാഗമായി തിരിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്‌സിനേഷൻ നടത്തണമെന്നാണ് വിദഗ്ധ സമിതിയുടെ (നാഷനൽ എക്‌സ്പർട്ട് ഗ്രൂപ്പ് ഓൺ വാക്‌സീൻ അഡ്‌മിനിസ്‌ട്രേഷൻ ഫോർ കോവിഡ് - എൻഇജിവിഎസി) നിർദ്ദേശം. മുന്നണിപ്പോരാളികൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, നഴ്‌സ്, സൂപ്പർവൈസർ, മെഡിക്കൽ ഓഫിസർ, പാരാ മെഡിക്കൽ സ്റ്റാഫ്, സപ്പോർട്ട് സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടും.

സംസ്ഥാന-കേന്ദ്ര പൊലീസ്, സായുധ സേന, ഹോം ഗാർഡ്, ദുരന്തനിവാരണം, സിവിൽ ഡിഫൻസ് ഓർഗനൈസേഷൻ, ജയിൽ ജീവനക്കാർ, മുനിസിപ്പൽ ജീവനക്കാർ, റവന്യൂ ഉദ്യോഗസ്ഥർ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായ മറ്റുള്ളവർ തുടങ്ങി രണ്ടു കോടിയോളം പേരാണ് ഈ വിഭാഗത്തിൽ. സംസ്ഥാന സർക്കാരിലെയും പ്രതിരോധം, ആഭ്യന്തരം, ഹൗസിങ്, നഗരകാര്യ മന്ത്രാലയങ്ങളിലെയും ജീവനക്കാരും രണ്ടാം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടും. 50 വയസ്സിനു മുകളിലുള്ളവർ മൂന്നാം വിഭാഗത്തിലും. കോവിഡ് വ്യാപനത്തിനു കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിലെ മുൻഗണനാ വിഭാഗത്തിനും വാക്‌സീൻ നൽകും. ഇവ കണ്ടെത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിദഗ്ധ സമിതിയുടെ നിർദ്ദേശമുണ്ട്.

മുൻഗണനാ പട്ടികയിലെ ബാക്കിയുള്ളവർക്കാണ് ഒന്നാം ഘട്ടത്തിലെ അഞ്ചാംതല വാക്‌സിനേഷൻ നൽകുക. രോഗതീവ്രത, സാംക്രമിക രോഗശാസ്ത്രം, വാക്‌സീൻ ലഭ്യത തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാകും വാക്‌സിനേഷൻ. എണ്ണം കൂടുതലായതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേക തയ്യാറെടുപ്പ്. ആദ്യഘട്ട വാക്‌സിനേഷനായി കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 3.13 ലക്ഷം പേരാണ്. വാക്‌സീൻ സ്വീകരിക്കേണ്ട ആരോഗ്യ പ്രവർത്തകരുടെയും കോവിഡ് പോരാളികളുടെയും റജിസ്‌ട്രേഷൻ അതതു സ്ഥാപനങ്ങൾ വഴിയായിരിക്കും. മുൻഗണനാ വിഭാഗത്തിലുള്ളവരെ കണ്ടെത്തി റജിസ്‌ട്രേഷൻ നടത്തുന്നതിനും ആരോഗ്യവകുപ്പ് നടപടിയുണ്ടാകും. പിന്നീടുള്ള ഘട്ടങ്ങളിൽ സ്വയം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും.

കോവിഡ് വാക്‌സിനേഷനു മാത്രമായി സർക്കാർ വികസപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ. കോവിഡ് വാക്‌സീൻ ഇന്റലിജൻസ് നെറ്റ്‌വർക് എന്നതിന്റെ ചുരുക്കെഴുത്താണ് CoWIN. ഇലക്ട്രോണിക് വാക്‌സീൻ ഇന്റലിജൻസ് നെറ്റ്‌വർക്കിന്റെ (eVIN) പരിഷ്‌കരിച്ച രൂപമാണിത്. പ്ലേ സ്റ്റോറിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡ്രൈവിങ് ലൈസൻസ്, തൊഴിൽ മന്ത്രാലയം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, പാൻ കാർഡ്, ബാങ്ക്, തപാൽ പാസ്ബുക്കുകൾ, പാസ്‌പോർട്ട്, വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ്, പെൻഷൻ രേഖ, തൊഴിലുറപ്പു പദ്ധതി കാർഡ്, എംപിമാർക്കും എംഎൽഎമാർക്കും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ തിരിച്ചറിയൽ കാർഡ് തുടങ്ങിയവയിൽ എതെങ്കിലും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.

കോവിൻ ആപ്പിൽ ആധാർ കാർഡോ സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡോ അപ്ലോഡ് ചെയ്യണം. ഒടിപി, ബയോമെട്രിക്‌സ് വഴിയാണു രജിസ്റ്റ്രഷൻ ആധികാരികമാക്കുക. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ വാക്‌സിനേഷന്റെ തീയതിയും സമയവും അനുവദിച്ച് അറിയിക്കും. കേന്ദ്രത്തിലെത്തിയുള്ള തത്സമയ റജിസ്‌ട്രേഷനില്ല. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ മാത്രമേ വാക്‌സിനേഷന് അനുവദിക്കൂ. ജില്ലാ ഭരണകൂടങ്ങൾക്കാണു കോവിൻ സംവിധാനം കൈകാര്യം ചെയ്യാനുള്ള ചുമതല. നിലവിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമായിരിക്കും വാക്‌സീൻ വിതരണം. ഏപ്രിലോടെ സ്വകാര്യ വിപണിയിലെത്തിക്കാൻ കഴിഞ്ഞേക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.