തിരുവനന്തപുരം: സംസ്ഥാനം കോവിഡ് വാക്‌സിൻ വിതരണത്തിന് പൂർണസജ്ജമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വാക്‌സിന് ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി ലഭിച്ചതായി ഔദ്യോഗിക അറിയിപ്പ് ലഭിക്കണം. കൂടാതെ വാക്‌സിൻ വിതരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുകയും വേണം. ശേഷമാണ് വിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കുക. നിലവിൽ ഏത് വാക്‌സിൻ വിതരണം ചെയ്യാനും സംസ്ഥാനം പൂർണ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് പഠനവിധേയമാക്കും. പതിനെട്ട് വയസിന് മുകളിലുള്ള 12,100പേരിൽ ആന്റിബോഡി പരിശോധന നടത്തും. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുമാണ് പഠനം. എത്രപേർക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്ന് കണ്ടെത്തും.

രാജ്യത്ത് കോവിഡ് വാക്‌സിനുകളായ കോവിഷീൽഡിനും കോവാക്‌സിനുമാണ് ഡി.സി.ജി.ഐ അനുമതി നൽകിയത്. ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിൻ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് രണ്ടുവാക്‌സിനുകൾക്കും അനുമതി.