- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത് തോളിൽ കുത്തിവയ്പ്; ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിയുന്ന അന്ന് അടുത്ത വാക്സിനേഷൻ; രണ്ടാം ഡോസ് എടുത്ത് പതിനാലാം ദിവസം പ്രതിരോധശേഷി ആർജ്ജിക്കും; കേരളത്തിൽ ഇന്നെത്തുന്നത് 4,33,500 ഡോസ് കോവിഷീൽഡ് വാക്സിൻ; ശനിയാഴ്ച മുതൽ വിതരണം തുടങ്ങും; കോവിഡിനെ പ്രതിരോധിക്കാൻ കേരളം സുസജ്ജം
തിരുവനന്തപുരം: കേരളത്തിൽ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നു 4,33,500 ഡോസ് കോവിഷീൽഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങും. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സീനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സീനിൽ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.
രണ്ട് ഡോസ് കുത്തിവയ്‌പ്പാണ് എടുക്കേണ്ടത്. ആദ്യത്തേത് എടുത്ത് 28-ാം ദിവസം രണ്ടാമത്തേത്. രണ്ടാം ഡോസ് സ്വീകരിച്ചു 14ാം ദിവസമാണു പ്രതിരോധശേഷി ലഭിക്കുക. വാക്‌സീൻ കുത്തിവയ്ക്കുന്നത് ഇടതു തോളിൽ. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. വാക്‌സീൻ ജില്ലാ കേന്ദ്രങ്ങളിൽ എത്തിയ ശേഷം കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവർത്തകർക്ക് എപ്പോൾ, ഏതു കേന്ദ്രത്തിൽ എത്തണമെന്ന സന്ദേശം അയയ്ക്കും. ഇതനുസരിച്ച് എത്തണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം. ജനുവരി 16നാണ് കുത്തിവയ്‌പ്പ് തുടങ്ങുക.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഇന്ന് എത്തുന്ന കോവിഡ് വാക്‌സീൻ, അതതു റീജനൽ വാക്‌സീൻ സ്റ്റോറുകളിൽ സൂക്ഷിക്കും. നാളെ ജില്ലാ സ്റ്റോറുകളിലേക്കുള്ള വിതരണം ആരംഭിക്കും. വാക്‌സീൻ ഉൽപാദന കേന്ദ്രം മുതൽ കുത്തിവയ്പു വരെ 2-8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കണം. അതിനാൽ ഇൻസുലേറ്റഡ് വാഹനങ്ങളിൽ മാത്രമേ കൊണ്ടുപോകുകയുള്ളൂ. പുണെയിലെ പ്ലാന്റിൽ നിന്ന് ഇന്നു 2 ന് കൊച്ചിയിലേക്കു വാക്‌സീനുമായി വിമാനം പുറപ്പെടും. വൈകിട്ട് 6 ന് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് വാക്‌സീൻ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്‌സീൻ എത്തുന്നത്.
കോവിഷീൽഡ്, നാലാഴ്ചയ്ക്കും ആറാഴ്ചയ്ക്കും ഇടയിൽ രണ്ടാം ഡോസ് നൽകാനാണു ഡ്രഗ്‌സ് കൺട്രോളർ നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യം വൈകിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ചുരുക്കത്തിൽ, കോവിഷീൽഡിന്റെയും കോവാക്‌സീന്റെയും രണ്ടാം ഡോസ് കൃത്യം 28ാം ദിവസം തന്നെ സ്വീകരിക്കണം. കോവിഷീൽഡിനു സമാനമായ വാക്‌സീൻ യുകെയിൽ 11 ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് നൽകിയാൽ മതിയെന്നാണു നിർദ്ദേശിച്ചത്.
അതിനിടെ അടിയന്തിര ഉപയോഗത്തിനായി അനുമതി നൽകിയ രണ്ട് വാക്സിനുകളിൽ നിന്ന് ഏത് വാക്സിൻ എടുക്കണമെന്ന് തത്കാലം സ്വീകർത്താവിന് സ്വീകരിക്കാനാകില്ലെന്ന് സൂചന നൽകി കേന്ദ്രം രംഗത്ത് എത്തി. ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നിൽ കൂടുതൽ വാക്സിനുകൾ നൽകുന്നുണ്ട്. എന്നാൽ ഒരു രാജ്യത്തും ഏത് വാക്സിനുകൾ തിരഞ്ഞെടുക്കണമെന്ന് സ്വീകർത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര ഉപയോഗത്തിനായി ഓക്സ്ഫഡ് സർവ്വകലാശാലയുടെ കോവിഷീൽഡ് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്കാണ് അനുമതി നൽകിയത്.
ഇന്നലെ മുതൽ വാക്‌സിൻ വിതരണം തുടങ്ങിയിരുന്നു. പുണെയിൽ നിന്ന് ഡൽഹി അടക്കം രാജ്യത്തെ 12 നഗരങ്ങളിലേക്കുള്ള വാക്‌സീനുമായി ആദ്യ ട്രക്കുകൾ പുറപ്പെട്ടത് ഇന്നലെ അതിരാവിലെ. പ്രത്യേക പൂജയ്ക്കും പ്രാർത്ഥനകൾക്കും ശേഷമാണു ട്രക്കുകൾ വിമാനത്താവളത്തിലേക്കു പോയത്. കോവാക്‌സിൻ ഡോസിന് 206 രൂപയും കോവിഷീൽഡിന് 200 രൂപയുമെന്ന് കേന്ദ്രം പറയുന്നു. വാക്സിനുകൾ രണ്ടും സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1.1 കോടി വാക്‌സിൻ ഡോസുകളും ഭാരത് ബയോടെക്കിൽനിന്ന് 55 ലക്ഷം ഡോസുകളുമാണ് ആദ്യ ഘട്ടത്തിൽ സംഭരിക്കുക. 16.5 ലക്ഷം വാക്‌സിൻ ഡോസുകൾ ബയോടെക്കിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.
വാക്സീനേഷനായി ഇതുവരെ രണ്ടു ലക്ഷം ആളുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിലും പ്രതീക്ഷയുണ്ട്. വാക്സിനേഷൻ പ്രക്രിയ പൂർത്തിയാകാൻ ഒരു വർഷം വേണ്ടിവരുമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. മറ്റു വാക്സിനുകൾക്ക് അംഗീകാരം നൽകുന്നത് പരിശോധിച്ചുവരുകയാണ്. പല രാജ്യങ്ങളിലും ഒന്നിലധികം വാകിസനുകൾ ഉപയോഗിക്കുന്നുണ്ട്. ഏതു വാക്സിനാണ് ഉപയോഗിക്കേണ്ടതെന്നു തിരഞ്ഞെടുക്കാൻ ഗുണഭോക്താക്കൾക്കോ സംസ്ഥാനങ്ങൾക്കോ അവകാശമില്ലെന്നും രാജേഷ് ഭൂഷൺ പറയുന്നു.
സിഡസ് കാഡില, റഷ്യയുടെ സ്പുട്‌നിക് വി, ബയോളജിക്കൽ ഇ, ജനോവ എന്നിവയാണ് പരിഗണനയിലുള്ളത്. സിഡസ് കാഡില, സ്പുട്‌നിക് വി എന്നിവ രണ്ടാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ബയോളജിക്കൽ ഇ ഒന്നാം ഘട്ടം പൂർത്തിയാക്കിയപ്പോൾ ജനോവയുടെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ