- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വാസത്തിൽ എടുക്കണം; വാക്സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്; വ്യാജ പ്രചരണങ്ങളിൽ വീഴാതെ കുത്തി വയ്പ്പിന് എല്ലാവരും തയ്യാറാകണമെന്ന് പ്രധാനമന്ത്രി; പ്രത്യാശയുടെ പുതുവെളിച്ചവുമായി രാജ്യത്ത് കോവിഡ് വാക്സിനേഷൻ കുത്തി വയ്പ്പിന് തുടക്കം; കേരളവും പ്രതീക്ഷയോടെ വാക്സിനേഷനിൽ
ന്യൂഡൽഹി: മനുഷ്യരാശിക്ക് പ്രത്യാശയുടെ പുതുവെളിച്ചം സമ്മാനിച്ച് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയ്ക്ക് ഇന്ത്യയിൽ തുടക്കമായി. ലോകക്രമത്തെ മാറ്റിമറിച്ച കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നിർണായക വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ വിതരണോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യ ദിവസം മൂന്നു ലക്ഷം പേർക്കാണ് കുത്തിവയ്‌പ്പ്. ലോകത്തന് ഇന്ത്യ മാതൃകയാണെന്നും ഏറ്റവും സുരക്ഷിതമാണ് ഇന്ത്യയുടെ വാക്‌സിന് എന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്. വ്യാജ പ്രചരണങ്ങളിൽ വീഴരുത്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വാസത്തിൽ എടുക്കണം. വാക്‌സിൻ എല്ലാവർക്കും പ്രാപ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്സിൻ വിതരണത്തിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ജനുവരി 30നുള്ളിൽ വാക്സിനേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കും. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങൾ മാസ്‌ക് ധരിക്കണം. രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കും. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ വാക്സിൻ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്സിൻ സ്വീകരിക്കുന്നവർ ഒരു മാസത്തിനുള്ളിൽ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,42,841 ആയി. നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,11,033 ആണ്. കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്. 24 മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവർ 1,01,79715 ആയി. ഈ ആശ്വാസത്തിനിടെയാണ് കോവിഡ് വാക്‌സിനേഷനും തുടങ്ങുന്നത്.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമടക്കമുള്ള മൂന്നു കോടി പേർക്ക് വാക്സിനുകൾ സൗജന്യമായി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിനായി രാജ്യമെങ്ങും 3,006 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, സൈനിക, അർദ്ധസൈനിക വിഭാഗങ്ങൾ, ദുരന്ത നിവാരണ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ വാക്സിൻ ലഭിക്കുന്നത്. സർക്കാരിന്റെ കൊവാക്സിൻ പോർട്ടലിൽ വാക്സിൻ സ്വീകരിച്ചവരുടെ പേരുകൾ ഉൾപ്പെടുത്തും. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം കോവിഡ് വാക്‌സിൻ വിതരണം തുടങ്ങി.
ഇന്നത്തെ വാക്സിൻ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളും ഉൾപ്പെടെ 133 കേന്ദ്രങ്ങളിലാണ് കേരളത്തിൽ വാക്സിനേഷൻ തുടങ്ങിയത്. അടുത്തഘട്ടത്തിൽ വാക്സിൻ നൽകുന്നത് പൊലീസുകാർ, അങ്കൺവാടി വർക്കർമാർ, വളണ്ടിയർമാർ ഉൾപ്പെടെയുള്ള മുൻഗണന പ്രവർത്തകർക്കു വേണ്ടിയാണ്. തൊട്ടുപിന്നാലെ 60 വയസ്സിനു മുകളിലുള്ളവർക്കും 50 വയസ്സിനു മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള ആളുകൾക്കും വാക്സിൻ നൽകും. വാക്സിൻ കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിന് അനുസരിച്ച് തുടർച്ചയായി കൊടുത്തു കൊണ്ടിരിക്കുമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
വാക്സിൻ ഉത്പാദിപ്പിച്ചു കിട്ടുന്നതിന്റെയും കേന്ദ്രത്തിന്റെ ക്വാട്ട അനുവദിച്ചു കൊടുക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് വാക്സിൻ വിതരണം. വാക്സിൻ വന്നുകഴിഞ്ഞാൽ ഇത്തരം വൈറസുകളെ കീഴടക്കാൻ സാധിക്കും. അടുത്ത ഘട്ടം വാക്സിൻ വിതരണത്തിനും കേരളം പൂർണമായും തയ്യാറാണെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ട്. ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജൻസികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എൻ.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷൻ യാഥാർത്ഥ്യമാക്കുന്നത്.
ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും വെയിറ്റിങ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക. വാക്സിനേഷനായി അഞ്ച് വാക്സിനേഷൻ ഓഫീസർമാർ ഉണ്ടാകും. വാക്സിൻ എടുക്കാൻ വെയിറ്റിങ് റൂമിൽ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ നടത്തും. പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ്, എൻ.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സർവേഷൻ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കുന്നതാണ്. വാക്സിനേറ്റർ ഓഫീസറാണ് വാക്സിനേഷൻ എടുക്കുന്നത്.
കേരളത്തിൽ ഓരോ ആൾക്കും 0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്‌പ്പിലൂടെ നൽകുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ നിന്നും 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ 9 മണി മുതൽ 5 മണിവരെയാണ് വാക്സിൻ നൽകുക. വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും.
അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ