ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചു. കോവിഡ് വാക്‌സിന് വേണ്ടി 35,000 കോടി. ആവശ്യമെങ്കിൽ കൂടുതൽ തുക മുടക്കുമെന്നും പ്രഖ്യാപിച്ചു. വാക്‌സിൻ സൗജന്യമായി കൊടുക്കുമോ എന്ന് പറഞ്ഞതുമില്ല. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്.

കോവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞർക്ക് നന്ദി അർപ്പിച്ച് ധനമന്ത്രി ബജറ്റിൽ കോവിഡിനെതിരായ പോരാട്ടം നിർണ്ണായക ഘട്ടത്തിൽ എത്തിയെന്ന സൂചനയും നൽകി. കോവിഡിനെതിരായ പോരാട്ടം രാജ്യം തുടരേണ്ടതുണ്ടെന്ന് ധനമന്ത്രി. കോവിഡ് വാക്‌സിൻ വികസിപ്പിച്ചത് രാജ്യത്തിന് നേട്ടമായി. ജിഡിപിയുടെ 13 ശതമാനം ചെലവഴിച്ച് മൂന്ന് ആത്മനിർഭർ ഭാരത് പാക്കേജുകൾ പ്രഖ്യാപിച്ചതും തുണയായി.

ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യസ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. പുതിയ സ്ഥാപനങ്ങൾ തുടങ്ങും. രാജ്യത്ത് മാലിന്യ സംസ്‌കരണത്തിനും മലനീകരണം തടയാനും കൂടുതൽ നടപടികൾ ഉണ്ടാകും. രാജ്യത്ത് പുതിയ 15 എമർജൻസി ഹെൽത്ത് സെന്ററുകൾ തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജ് പ്രഖ്യാപിച്ചു ഈ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു. സർക്കാർ നടപടികൾ കർഷകർക്കും സഹായമായി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ ഭാരത് പാക്കേജ് സഹായിച്ചു. കോവിഡ് വാക്‌സിൻ വികസനം രാജ്യത്തിന്റെ നേട്ടമെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് വാക്‌സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും.

ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡുകാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന, മൂന്ന് ആത്മ നിർഭാർ ഭാരത് പാക്കേജുകളും തുടർന്നുള്ള പ്രഖ്യാപനങ്ങളും അഞ്ച് മിനി ബജറ്റുകൾ പോലെയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.