ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്സിൻ നിർമ്മാണം വർധിപ്പിക്കാൻ വാക്സിൻ കമ്പനികൾക്ക് തുക അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് 4500 കോടി അനുവദിക്കാൻ ധനമന്ത്രാലയം അനുമതി നൽകി.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയുമാണ് സപ്ലെ ക്രെഡിറ്റ് എന്ന നിലയിൽ അനുവദിക്കുകയെന്നും ഇത് എത്രയും വേഗം കൈമാറുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിമാസ കോവിഡ് വാക്സിൻ ഉത്പാദനം 100 മില്യൻ ഡോസിൽനിന്ന് വർധിപ്പിക്കാൻ മൂവായിരം കോടിരൂപ അനുവദിക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ. അദാർ പൂനാവാല കഴിഞ്ഞ ദിവസം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.