കൊച്ചി: കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ വീണ്ടും വിമർശിച്ച് സംസ്ഥാനം ഹൈക്കോടതിയിൽ. ന്യായവിലയ്ക്ക് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയിൽ ആരോപിച്ചു. വാക്‌സിൻ നയം സംബന്ധിച്ച് കോടതി കേന്ദ്രത്തെ ഇന്നും വിമർശിച്ചു. സർക്കാരിന് എന്തുകൊണ്ടാണ് വാക്‌സിൻ കിട്ടാത്തതെന്ന് കോടതി ചോദിച്ചു.

വാക്‌സിൻ ലഭ്യത സംബന്ധിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.എത്രയും വേഗം സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് വാക്‌സിൻ ലഭ്യമാക്കാനുള്ള സാഹചര്യം കേന്ദ്രസർക്കാർ ഉണ്ടാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ വാക്‌സിൻ നയം കാരണം രാജ്യത്ത് വാക്‌സിനുകൾക്ക് വ്യത്യസ്ത വിലകളാണുള്ളത്. കേന്ദ്രം വാക്‌സിൻ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന് സംസ്ഥാനം കോടതിയിൽ ആരോപിച്ചു.

സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വിലയ്ക്ക് വാക്‌സിൻ വാങ്ങാൻ തയ്യാറാണോ എന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. ഒരു കാരണവശാലും അത് സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന് എന്തുകൊണ്ടാണ് വാക്‌സിൻ കിട്ടാത്തതെന്ന് കോടതി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് വാക്‌സിൻ നിർമ്മിക്കാൻ അനുമതി നൽകിയിട്ടും എന്തുകൊണ്ടാണ് വാക്‌സിൻ ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്. ലഭ്യതക്കുറവ് പറയുമ്പോഴും സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു. സർക്കാരിന് നൽകാതെ സ്വകാര്യ ആശുപത്രികൾക്ക് നൽകുകയാണോ എന്ന് കോടതി ചോദിച്ചു.

എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ നൽകാൻ തടസ്സമെന്താണെന്നും മുൻപ് കേന്ദ്രസർക്കാരിനോട് കോടതി ചോദിച്ചിരുന്നു. കോവിഡ് രോഗവ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ഫെഡറലിസവും മറ്റും നോക്കിയിരിക്കുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.