ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ അൺലോക്ക് പ്രക്രിയയിലേക്ക് നീങ്ങുന്നതിനിടെ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ. വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി അരക്കോടിയിലധികം വാക്സിനുകൾ വിതരണം ചെയ്യുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. 56,70,350 വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

നിലവിൽ രണ്ടു കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിനു പുറമെയാണ് അരക്കോടിയിലധികം വാക്സിനുകൾ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതുവരെ 27.28 കോടി വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇടയിൽ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പാഴാക്കിയത് അടക്കം 25,10,03,417 ഡോസുകൾ സംസ്ഥാനങ്ങൾ ഉപയോഗിച്ചു. വരുംദിവസങ്ങളിൽ വാക്സിൻ വിതരണം വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതുക്കിയ വാക്സിൻ മാർഗനിർദ്ദേശം തിങ്കളാഴ്ച മുതൽ രാജ്യത്ത് നിലവിൽവരും. ഡിസംബർ മാസത്തോടെ എല്ലാ പൗരന്മാർക്കും വാക്സിൻ എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യം.