ബംഗളുരു: ആർത്തവ സമയത്ത് കോവിഡ് വാക്‌സിൻ എടുക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ സംഭവം വിവാദത്തിൽ. തെക്കൻ കർണാടകയിൽ വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് സ്ത്രീകളെ മടക്കിഅയച്ച സംഭവാണ് വിവാദത്തിലായത്. ആർത്തവ സമയത്ത് കോവിഡ് 19 വാക്‌സിൻ എടുത്താൽ രക്തസ്രാവവും ക്ഷീണവും വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി രായ്ചൂർ, ബെലഗാവി, ബിദർ എന്നീ ജില്ലകളിലെ ആരോഗ്യപ്രവർത്തകർ മടക്കി അയച്ചുവെന്നാണ് പറയപ്പെടുന്നത്.

ആർത്തവസമയത്ത് വാക്‌സിനെടുക്കേണ്ടെന്നും അഞ്ചുദിവസം കഴിഞ്ഞ് വന്നാൽ മതിയെന്നും പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചതായി സാമൂഹ്യ പ്രവർത്തകയായ വിദ്യ പാട്ടീലാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ റായ്ചൂർ ഡെപ്യൂട്ടി കമീഷണർ ആർ. വെങ്കിടേഷ് കുമാർ ഈ ആരോപണം നിഷേധിച്ചു. ജില്ല ഭരണകൂടം ഇത്തരത്തിൽ ഒരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആർത്തവസമയത്തും ആർത്തവം കഴിഞ്ഞ് അഞ്ച് ദിവസത്തിനകവും വാക്‌സിനെടുക്കുന്നത് രക്തസ്രാവം കൂട്ടുമെന്ന് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി എന്താണെന്ന് നിരവധി സ്ത്രീകൾ സംശയം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ പ്രവർത്തകർ ഇക്കാര്യം ശരിവെക്കുന്ന രീതിയിൽ പെരുമാറിയതെന്ന സംശയമാണ് ഉയരുന്നത്.