- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി അംഗീകാരം; സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിനും ബയോളജിക്കൽ ഇയുടെ കോർബെവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി; കോവിഡ് മരുന്നായ മോൾനുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ
ന്യൂഡൽഹി: രാജ്യത്ത് രണ്ടു കോവിഡ് വാക്സിനുകൾക്ക് കൂടി അംഗീകാരം ലഭിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിനും ബയോളജിക്കൽ ഇയുടെ കോർബെവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോൾനുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
നിലവിൽ ആറു വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കോവോവാക്സിനും കോർബെവാക്സിനും അനുമതി ലഭിച്ചതോടെ വാക്സിനുകളുടെ എണ്ണം എട്ടായി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, റഷ്യയുടെ സ്പുട്നിക് ഫൈവ്, അമേരിക്കൻ കമ്പനികളായ മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയ്ക്കാണ് നേരത്തെ അനുമതി ലഭിച്ചത്.
നോവാവാക്സിന്റെ സാങ്കേതികവിദ്യ കൈമാറ്റം പ്രയോജനപ്പെടുത്തിയാണ് സിറം കോവോവാക്സ് നിർമ്മിച്ചത്. നാനോ പാർട്ടിക്കിൾ വാക്സിനാണ് കോവോവാക്സ്.ആർബിഡി പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിനാണ് കോർബെവാക്സ്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ ്ബയോളജിക്കൽ ഇ.
കോവിഡിനെതിരായ ആന്റിവെറൽ മരുന്നായ മോൾനുപിറവിർ രാജ്യത്തെ 13 കമ്പനികൾ ഉൽപ്പാദിപ്പിക്കും. അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് മൂർച്ഛിക്കാൻ സാധ്യതയുള്ളവർക്കാണ് ഇത് നൽകുക എന്ന് മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
അതേസമയം 15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായിയിട്ടുണ്ട്. കോവിൻ രജിസ്ട്രേഷൻ പോർട്ടലിന്റെ മേധാവിയായ ഡോ.ആർ.എസ്.ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്ക് വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷൻ നടത്താൻ സാധിക്കും. കൗമാരക്കാരിൽ ചിലർക്ക് ആധാർ കാർഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു.
കോവിഡ് രജിസ്ട്രേഷനായി തങ്ങൾ ഒരു തിരിച്ചറിയൽ രേഖ കൂടി കോവിൻ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്' - ഡോ.ആർ.എസ്.ശർമ പറഞ്ഞു. 15-നും 18- നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുക. ജനുവരി 10 മുതൽ കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
മറുനാടന് ഡെസ്ക്