- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോവിഡ് വാക്സിൻ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന് മാത്രമായി കാത്തുനിൽക്കാൻ ഉദേശിക്കുന്നില്ല'; വാക്സിൻ വാങ്ങാനുള്ള നടപടി തുടങ്ങി; വാക്സിനേഷൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം; 18 കഴിഞ്ഞവരുടെ വാക്സിനേഷൻ മൂന്ന് ഘട്ടമായി നടത്തുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനിൽ അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻവഴി രജിസ്ട്രേഷൻ ചെയ്തവർക്കുമാത്രമെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിനേഷൻ ലഭിക്കുകയുള്ളു. നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് കൊടുക്കാൻ പൊതുധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെയ് ഒന്ന് മുതൽ 18-45 വയസിന് ഇടയിലുള്ളവർക്ക് വാക്സിൻ നൽകും. ഈ ഗണത്തിൽ 1.65 കോടി ആളുകൾ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണന നൽകും. ഇക്കാര്യങ്ങൾ പഠിച്ച് വ്യക്തമായ മാനദണ്ഡമുണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം പ്രതിക്ഷിക്കുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വാക്സിന് മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല. നേരത്തെയുള്ള കേന്ദ്ര വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങുക മാത്രമേ സംസ്ഥാനത്തിന് നിർവാഹമുള്ളു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. വാക്സിൻ കമ്പനികളുമായി ഉൾപ്പെടെ ചർച്ച നടക്കുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് ആവശ്യമായ വാക്സിന് ഓർഡർ നൽകാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ചുള്ള സംസ്ഥാനം കത്തയച്ചതിന് കേന്ദ്ര സർക്കാരിൽ നിന്നും ഇനിയും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വാക്സിൻ കേന്ദ്രത്തിൽ നിന്നും ലഭിക്കുകയാണെങ്കിൽ അത് നല്ലത് തന്നെയാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നും നിഷേധരൂപത്തിലുള്ള തീരുമാനം വന്നേക്കാമെന്നത് സംസ്ഥാനം പരിഗണിക്കേണ്ടതുണ്ടെന്നും അതിനാൽ കേന്ദ്രത്തെ ആശ്രയിച്ച് സംസ്ഥാനം വാക്സിൻ വാങ്ങാതിരുന്നാൽ ഏറെ വൈകിപോകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാക്സിൻ വേഗത്തിൽ തന്നെ വാങ്ങാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതാണ് നല്ലതെന്നും അതുമായി ബന്ധപ്പെട്ട് വാക്സിൻ കമ്പനികളുമായി ചർച്ചകൾ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്സിൻ കേന്ദ്രം വാങ്ങിയാലും സംസ്ഥാനം വാങ്ങിയാലും നാട്ടിലെ ജനങ്ങൾക്കാണ് അത് ഉപകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓരോ ദിവസം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം വലിയ തോതിലാണ് വർധിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചില ഇടത്ത് ആൾക്കൂട്ടം ഉണ്ടാകുന്നുണ്ട്. വാക്നിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. വാക്സിൻ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷൻ സെക്ഷനുകൾ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ എറണാകുളത്ത് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയ്ന്മെന്റ് സോണിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാല് പഞ്ചായത്തടക്കം 551 വാർഡുകൾ എറണാകുളത്ത് കണ്ടെയ്ന്മെന്റ് സോണാണ്. പുറത്തു നിന്നും ഇവിടേക്ക് വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പൊലീസ് പരിശോധന കർശനമാക്കും.
അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താൻ ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി എറണാകുളത്ത് കണ്ട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ