- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനിൽ ജനങ്ങളിൽ എത്തുന്നത് 57% മാത്രം; പ്രതിദിനം 28.33 ലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കുമ്പോൾ 12-13 ലക്ഷം ഡോസുകൾ മാത്രം വിതരണം ചെയ്യപ്പെടുന്നു; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ
കൊച്ചി: ഇന്ത്യയിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 57 ശതമാനം മാത്രമാണ് രാജ്യത്തെ ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെടുകയും വാക്സിൻ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരള ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിക്ക് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിദിനം 28.33 ലക്ഷം ഡോസുകൾ ആണ് രാജ്യത്ത് വിവിധ കമ്പനികൾ ചേർന്ന് ഉൽപാദിപ്പിക്കുന്നത്. എന്നാൽ 12-13 ലക്ഷം ഡോസുകൾ മാത്രമാണ് പ്രതിദിനം വിതരണം ചെയ്യപ്പെടുന്നതെന്ന് സർക്കാർ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, മറ്റു വാക്സിനുകൾ എന്തു ചെയ്യുന്നു എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വാക്സിനുകൾ കയറ്റുമതി ചെയ്യപ്പെടുന്നു എന്നാണ് സൂചന.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള വാക്സിൻ വിതരണം സംബന്ധിച്ച് നിശ്ചിത പദ്ധതി ഇല്ലെന്നാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇന്ത്യയിൽ പ്രതിമാസം ഏകദേശം 8.5 കോടി വാക്സിനാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. സെറം ഇസ്റ്റിറ്റിയൂട്ട് 6.5 കോടി കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക് രണ്ട് കോടി കോവാക്സിനുമാണ് ഒരു മാസം ഉത്പാദിപ്പിക്കുന്നത്. എന്നാൽ ബാക്കി വാക്സിൻ എന്ത് ചെയ്യുകയാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അടുത്ത മാസത്തോടെ ഉത്പാദനത്തിൽ വർധന വരുത്തുമെന്നും സർക്കാർ വ്യക്തമാക്കി. റഷ്യൻ വാക്സിനായ സ്പുട്നിക്-വിയും ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. നിലവിൽ പ്രതിമാസം 30 ലക്ഷമാണ് ഉദ്പാദിപ്പിക്കുന്നത്. ഇത് അടുത്ത മാസത്തോടെ 1.2 കോടിയായി ഉയർത്തും. വാക്സിന്റെ വില കർശനമായി നിയന്ത്രിക്കുന്നത് വിദേശത്തുനിന്നടക്കമുള്ള വാക്സിനുകളുടെ ലഭ്യതയെ ബാധിക്കുമെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
വാക്സിൻ പൂർണമായും സൗജന്യമായി ലഭ്യമാക്കാത്ത കേന്ദ്രസർക്കാരിന്റെ നടപടിയെ ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. പൗരന്മാർക്ക് എന്തുകൊണ്ട് വാക്സിൻ സൗജന്യമായി നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ഫെഡറലിസം നോക്കേണ്ട സമയമിതല്ലെന്നും കോടതി പറഞ്ഞു.
34,000 കോടി രൂപയാണ് സൗജന്യ വാക്സിനേഷനായി വിനിയോഗിക്കേണ്ടത്. ആർ.ബി.ഐ.യുടെ ഡിവിഡന്റ് കൈയിലിരിക്കേ ഇത് വാക്സിനേഷനായി വിനിയോഗിച്ചുകൂടേയെന്നും ചോദിച്ചു. നയപരമായ പ്രശ്നമാണിതെന്നും ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം നൽകണമെന്നും കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ